ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിലെ 900 പേർക്ക് കൊറോണ: കമ്മീഷണര്‍
Monday, March 30, 2020 6:33 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിലെ (എന്‍‌വൈപിഡി) 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെയോടെ കൊറോണ വൈറസ് പോസിറ്റീവ് ആകുമെന്ന് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ ഞായറാഴ്ച പറഞ്ഞു. കൂടുതല്‍ പോലീസുകാര്‍ അസുഖം പിടിപെട്ട് ലീവെടുക്കുന്നത് തുടരുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ശനിയാഴ്ച മുതല്‍ 300 കേസുകളുടെ വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

"ആ സംഖ്യ നിരന്തരം വളരുമെന്ന് അറിയാം. പോലീസ് ഓഫീസര്‍മാര്‍ രോഗബാധിതരായാല്‍ എന്താണ് സംഭവിക്കുന്നത്? അത് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന്' സ്ഥിരീകരിച്ച കേസുകളെക്കുറിച്ച് കമ്മീഷണര്‍ ഷിയ പറഞ്ഞു.

ഞായറാഴ്ച രോഗികളായ പോലീസുകാരുടെ എണ്ണം അയ്യായിരത്തിനടുത്ത്, അല്ലെങ്കില്‍ സേനയുടെ 14 ശതമാനമായി എന്ന് കമ്മീഷണര്‍ പറഞ്ഞു. തലേദിവസം (ശനിയാഴ്ച) മുതല്‍ 800 ഓളം ഉദ്യോഗസ്ഥരാണ് രോഗികളായത്.

കോവിഡ് 19 ബാധിച്ചാല്‍ പുറത്തിറങ്ങാതെ എത്ര ദിവസം വീട്ടില്‍ തന്നെ കഴിയണമെന്ന് പോലീസുകാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

കോവിഡ്-19 ബാധിച്ച് എന്‍വൈപിഡിയുടെ ആദ്യ പോലീസ് ഓഫീസറുടെ മരണത്തിനുശേഷമാണ് ഇത്രയും ഓഫീസര്‍മാര്‍ക്കും അംഗങ്ങള്‍ക്കും വൈറസ് പോസിറ്റീവ് ആയിരിക്കുമെന്ന് കമ്മീഷണര്‍ വെളിപ്പെടുത്തിയത്. 48 കാരനായ ഓഫീസര്‍ സെഡ്രിക് ഡിക്സണ്‍ ഹാര്‍ലെമിലെ ഡ്യൂട്ടിക്കിടെയാണ് കോവിഡ്-19 ബാധിച്ചു ശനിയാഴ്ച രാവിലെ ആണ് മരിച്ചത്. എന്‍‌വൈ‌പി‌ഡിയില്‍ ജോലിക്കിടെ മരിക്കുന്ന മൂന്നാമത്തെ അംഗമാണ് ഓഫീസര്‍ സെഡ്രിക് ഡിക്സണ്‍. വ്യാഴാഴ്ച ഡിപ്പാര്‍ട്ട്മെന്‍റിലെ തന്നെ ഒരു അഡ്മിനിസ്ട്രേറ്റീവ് എയ്ഡും 62 വയസുള്ള ശുചീകരണ തൊഴിലാളിയും മരിച്ചിരുന്നു.

വൈറസ് ബാധിച്ച ആദ്യ സെറ്റ് ഓഫീസര്‍മാര്‍ ജോലിയിലേക്ക് മടങ്ങാന്‍ തുടങ്ങുകയാണെന്ന് ഷിയ പറഞ്ഞു. മാര്‍ച്ച് 12 നാണ് ഉദ്യോഗസ്ഥൻ രോഗബാധിതരായി ക്വാറന്‍റൈന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ