കോവിഡ് 19: സൗത്ത് ഡക്കോട്ട സംസ്ഥാന പ്രതിനിധി അന്തരിച്ചു
Sunday, April 5, 2020 3:45 PM IST
സൗത്ത് ഡക്കോട്ട : സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന അമേരിക്കയിലെ ആദ്യ നിയമ നിര്‍മാതാവും സൗത്ത് ഡക്കോട്ടയില്‍ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയുമാണ് ബോബ്. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ സഹോദരന്‍, ഭാര്യാ സഹോദരി എന്നിവര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന ഉത്തരവിറക്കാത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് സൗത്ത് ഡക്കോട്ട. മാര്‍ച്ച് 22നാണ് ബോബിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ബോബിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഗവര്‍ണര്‍ നോം അനുശോചനം രേഖപ്പെടുത്തി. മറ്റുള്ളവര്‍ ആദരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദൈവത്തോടുകൂടെ നിത്യതയില്‍ പ്രവേശിച്ചുവെന്നാണ് പിതാവിന്റെ മരണത്തെ കുറിച്ചു മകന്‍ തോമസ് പ്രതികരിച്ചത്. നിയമസഭാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് പതാക പകുതി താഴ്ത്തുവാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍