ഫൊക്കാന പ്രസിഡന്‍റ് ബി. മാധവന്‍നായര്‍ അനുശോചിച്ചു
Monday, April 6, 2020 10:30 PM IST
ന്യൂയോര്‍ക്ക് : കോവിഡ് ബാധയിൽ അമേരിക്കൻ മലയാളികളെയും കേരളക്കരയെ തന്നെയും
അതീവ ദുഃഖത്തിലാഴ്ത്തി അമേരിക്കയില്‍ മരണമടഞ്ഞ മലയാളികളായ തോമസ് ഡേവിഡ്, ഷോണ്‍ എബ്രഹാം, തങ്കച്ചന്‍ മാത്യു ഇഞ്ചനാട്ടില്‍, ഏലിയാമ്മ ജോണ്‍, ഏലിയാമ്മ കുര്യാക്കോസ് എന്നിവരുടെ വിയോഗത്തില്‍ ഫൊക്കാന പ്രസിഡന്‍റ് ബി. മാധവന്‍നായര്‍ അനുശോചിച്ചു.

മരിച്ചവരുടെ നിത്യശാന്തിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ, നോര്‍ത്ത് അമേരിക്ക അധ്യക്ഷൻ സഖറിയാസ് മാര്‍ നിക്കോളാസ് , ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷൻ മാര്‍ ജോയി ആലപ്പാട്ട്, മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് അധ്യക്ഷൻ ഡോ. ഐസക് മാര്‍ ഫിലോക്‌സിനോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗം നടത്തിയതായും മാധവന്‍നായര്‍ അറിയിച്ചു.

അന്തരിച്ച ഷോണ്‍ എബ്രഹാം (21), ഫോമാ നേതാവും ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ സജി എബ്രഹാമിന്റെ പുത്രനാണ്.മുൻ ഫൊക്കാന നാഷണൽ കമ്മറ്റി അംഗം കൂടി ആയിരുന്നു സജി എബ്രഹാം. ഏലിയാമ്മ കുര്യാക്കോസ് (61) പിറവം കക്കാട് ഇലഞ്ഞിമറ്റത്തില്‍ കുടുംബാംഗമാണ്. അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്‍ അംഗവും എന്‍മോണ്ട് സെന്‍റ് പ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗവുമാണ്.
ഏലിയാമ്മ ജോണ്‍ (65) ഗായകന്‍ ജിന്‍ജോണിന്റെ മാതാവും ക്വീന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സുമായിരുന്നു. തങ്കച്ചന്‍ മാത്യു ഇഞ്ചേനാട്ടില്‍ (51) തൊടുപുഴ മുട്ടം സ്വദേശിയാണ്. എംടിഎ ഉദ്യോഗസ്ഥനും ക്‌നാനായ കാത്തലിക് ചര്‍ച്ച് അംഗവുമായിരുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് തോമസ് ഡേവിഡ് .

പരേതരുടെ കുടുംബങ്ങൾക്കു വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ മുൻകൈ എടുക്കാൻ ഫൊക്കാന പ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചു.