നയാഗ്രയില്‍ 'കൈകോര്‍ത്ത് പിടിച്ചു' മലയാളികള്‍
Tuesday, April 7, 2020 11:47 AM IST
നയാഗ്ര: കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോള്‍, മലയാളി സമൂഹത്തെ ഒന്നായി നിര്‍ത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ 'കൈകോര്‍ത്ത് പിടിക്കാം...' പദ്ധതി നിലവില്‍ വന്നു. നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും ഇതിനകം തന്നെ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തിയിരിക്കുന്നത് നയാഗ്ര മേഖലയിലെ മലയാളികളില്‍ നിന്നാണ്.

നയാഗ്ര മലയാളി സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍, 50ഓളം വോളണ്ടീയേഴ്‌സിനെ അണിനിരത്തിക്കൊണ്ടാണ് സഹായങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളി കുടുംബങ്ങള്‍, വ്യക്തികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ സേവനം ലഭ്യമാകും. 1000 കിലോ അരി, 300 കിലോ പച്ചരി, 100 കിലോ പയര്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കോവിഡ് 19 രോഗത്താല്‍ ദുരിതം അനുഭവിക്കുവര്‍ക്ക് വിതരണം ചെയ്യുന്നത്. നയാഗ്ര ഫാള്‍സ്, വെലന്റ്, സെന്റ് കാതറൈന്‍സ് എന്നീ മേഘലകളിക്കി തിരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികളുടെ നൂറു ശതമാനം സഹകരണമാണ് പദ്ധതിയെ വിജയത്തിലെത്തിച്ചിരിക്കുന്നതെന്നു നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറഅറം പറഞ്ഞു.

രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മലയാളി കുടുംബങ്ങളും, വിദ്യാര്‍ത്ഥികളും ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് 'കൈകോര്‍ത്ത് പിടിക്കാം...' എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. സഹായം ആവശ്യപ്പെട്ടു വിളിക്കുന്നവരുടെ സ്വകാര്യത പരിപൂര്‍ണ്ണമായും കാത്തു സൂക്ഷിക്കും. നിസ്വാര്‍ത്ഥമായി സമൂഹത്തിനു കൈത്താങ്ങാകുവാന്‍ പ്രതിജ്ഞാബദ്ധരായി ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയഴ്‌സിനും നന്ദി അറിയിക്കുന്നതായി സമാജത്തിന്റെ സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍ പറഞ്ഞു. സഹായങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുകയോ, സംഭാവനകള്‍ നയാഗ്ര മലയാളി സമാജത്തിന്റെ ഇ മെയില്‍ ഐഡിയായ [email protected] ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ആവാം.

നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍18നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 'സൗഹാര്‍ദ രാവ് ' ഈസ്റ്റര്‍ വിഷു റംസാന്‍ വിരുന്നു താല്‍ക്കാലികമായി മാറ്റിവയ്ക്കാനും നയാഗ്ര മലയാളി സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. സാമൂഹിക ആരോഗ്യവും നന്മയും കണക്കിലെത്തും, സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായുമായാണ് പരിപാടി മാറ്റിയ്‌വക്കാനുള്ള തീരുമാനം.