ഏലിയാമ്മ പോത്തന്‍റെ സംസ്കാരം മക്കളുടെ അഭാവത്തിൽ നടത്തി
Tuesday, April 7, 2020 6:42 PM IST
കല്ലൂപ്പാറ പുതുശേരി മുവക്കോട് മഞ്ഞനാംകുഴിയിൽ പരേതനായ എം.ജെ.പോത്തന്‍റെ ഭാര്യ ഏലിയാമ്മ പോത്തന്‍റെ സംസ്കാരം മാർച്ച് 21 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത യാക്കോബ് മാർ ഐറേനിയോസിന്‍റേയും ഇടവക വികാരി ഫാ. ബിനോ ജോൺ, സഹ വികാരി ഫാ. ലിജി പി. ചെറിയാന്‍റെയും സാന്നിധ്യത്തിൽ നടന്നു.

കോവിഡ് 19 നോടനുബന്ധിച്ച് നാട്ടിലുള്ള പ്രതിരോധ നടപടികളോട് പൂർണമായും സഹകരിച്ച് അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്, എബ്രഹാം പോത്തൻ, അലക്സ് പോത്തൻ, അലക്സ് പോത്തൻ, സജി എം. പോത്തൻ (Northeast American Diocese Council Member, FOKANA NAtional Committee Member) എന്നിവർ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകളുമായി കിടപ്പിലായിരുന്ന അമ്മച്ചിയെ മലങ്കര ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ, ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് , നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്തമോസ്, യുകെ /യൂറോപ്പ് ഭദ്രാസനാധിപൻ മാത്യൂസ് മാർ തീമോത്തിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയാ മാർ നിക്കോളവോസ്, ബ്രംഹന്നവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് , ബാംഗ്ഗുർ ഭദ്രാസനാധിപൻ എബ്രാഹം മാർ സെറാഫീം തുടങ്ങിയവരും മറ്റു പ്രമുഖ വ്യക്തികളും ഭവനത്തിലും ആശുപത്രിയിലും സന്ദർശിച്ചിരുന്നു.

ശവസംസ്കാര ശുശ്രൂഷകൾക്ക് ഭവനത്തിലും പള്ളിയിലും മാത്യൂസ് മാർ തിമോഥിയോസ്, യൂഹാനോൻ മാർ ക്രിസോസ്ത മോസ്, ഗീവർഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവർ നേതൃത്വം നൽകി. മുൻ മന്ത്രി മാത്യു ടി.തോമസ്, കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി തടങ്ങി സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേരിട്ടും അവരുടെ അനുശോചനം അറിയിച്ചു. സഖറിയ മാർ നിക്കോളവോസിന്‍റെ അനുശോചനം ഫാ. ജൂബി ജോൺ കടവുമണ്ണിൽ വായിച്ചു.

പ്രിയപ്പെട്ട മാതാവിന്‍റെ രോഗാവസ്ഥയിലും വേർപാടിലും നേരിട്ടും അല്ലാതേയും ആശ്വസിപ്പിച്ച അഭിവന്ദ്യ മെത്രാപ്പോലിത്തമാർ, ഫിലഡൽഫിയ സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. എം.കെ. കുര്യാക്കോസ് , സഹ വികാരി ഫാ. സുജിത് തോമസ്, ന്യൂയോർക്ക് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഡോ. രാജു വർഗീസ്, ഫിലഡൽഫിയ സെന്‍റ് പീറ്റേഴ്സ് യാക്കോബായ ചർച്ച് വികാരി ഫാ. ഗീവർഗീസ് ചാലിശേരി എന്നിവരും സാമൂഹിക സാംസ്കാരിക നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടുമുള്ള നിസീമമായ നന്ദിയും സ്നേഹവും കടുംബത്തിനു വേണ്ടി അറിയിക്കുന്നു.