കോവിഡ് 19: പ്രവാസി മലയാളിക്ക് സാന്ത്വനവാക്കുകളുമായി സുരാജ് വെഞ്ഞാറമൂട്
Wednesday, April 8, 2020 7:07 PM IST
അമേരിക്കൻ മലയാളികളോട് ഐക്യദാർഢ്യവും സ്നേഹവും പ്രഖ്യാപിച്ചു കൊണ്ട് മലയാളത്തിന്‍റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് അയച്ച സന്ദേശമാണ് ഈ വീഡിയോയിൽ ഉള്ളത്.

എക്കാലവും അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം സുരാജ് ഈ വിഷമ ഘട്ടത്തിൽ നമ്മോടു സംവദിക്കുകയാണ് സ്നേഹത്തോടെ, ഒരു സഹോദരനായി ജേഷ്ഠനായി അനുജനായി, മകനായി നമ്മോടു സ്നേഹം പങ്കുവയ്ക്കുന്ന സുരാജിനെ ഞങ്ങൾ മലയാളികൾ നെഞ്ചോട് ചേർക്കുന്നു..

സ്വന്തം ദുഃഖങ്ങൾ മറച്ചു വെച്ച് കൊണ്ട് നമ്മൾക്ക് സാന്ത്വനമേകുവാൻ താങ്കൾ കാണിച്ച മനസ് ഞങ്ങൾ അമേരിക്കൻ മലയാളികൾ ഒരിക്കലും മറക്കില്ല, നമ്മൾ ഇനിയും കാണുമെന്നു പ്രത്യാശിക്കുന്നു നന്ദി നന്ദി നന്ദി!!

ലേഖകന് അദ്ദേഹം അയച്ചു തന്ന വാക്കുകളിലേക്ക്.

എന്‍റെ പ്രിയപ്പെട്ടവരേ

നാമെല്ലാവരും ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഏല്പിച്ച ആഘാതത്തിൽ പകച്ചു നിൽക്കുകയാണ്, എന്നാൽ ഈ പ്രതിസന്ധിയെ നമുക്ക് മറികടന്നേ പറ്റു, നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി, നമ്മുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് വേണ്ടി നമ്മുടെ ചെറുത്തുനില്പിനുള്ള സമയമാണിത്, ഇതിലും വലിയ പ്രതിസന്ധികളെ നമ്മളുടെ പൂർവികർ അതിജീവിച്ചിരിക്കുന്നു, ചിക്കൻപോക്സും മലേറിയയും പ്ളേഗുമടക്കമുള്ള മഹാമാരികൾ നാമും നമ്മുടെ പൂർവികരും അതിജീവിച്ചിട്ടുണ്ട്, അമേരിക്കൻ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ എത്രയോ കൊടുംകാറ്റും വെള്ളപ്പൊക്കങ്ങളും നിങ്ങൾ അതിജീവിച്ചിരിക്കുന്നു, കേരളവും അങ്ങനെതന്നെ,

ഇന്ന് നമ്മുടെ മലയാളികളായ സഹോദരങ്ങൾ നഴ്‌സുമാരും ഡോക്ടർമാരും മറ്റു ടെക്‌നിഷ്യൻസുമൊക്കെ എല്ലാം മറന്നുകൊണ്ട് കൊണ്ട് ലോകമാകമാനം രോഗികളെ ചികിത്സിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നു, ഞങ്ങൾ ശിരസു നമിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ സൂപ്പർ ഹീറോകൾ,

അതുപോലെതന്നെ നിങ്ങൾ ഓരോരുത്തരും നിങൾ ആയിരിക്കുന്ന ഇടങ്ങളിൽ അവിടുത്തെ ഗവണ്മെന്റും അധികാരികളും നിര്ദേശിക്കുന്നതുപോലെ പ്രവർത്തിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തു പോവുക, അവിടുത്തെ ആരോഗ്യവിഭാഗം പറയുന്ന നിർദേശങ്ങൾ പാലിക്കുക സൂക്ഷിക്കുക, കുട്ടികളും മുതിർന്നവരും വ്യായാമവും മറ്റും ചെയ്ത് നല്ല ഭക്ഷണവും ഒക്കെ ഉപയോഗിച്ചും ആരോഗ്യത്തോടെയിരിക്കുക.

അപ്പൊ നമുക്ക് ഒരുമിച്ച് ഈ വിപത്തിനെ സധൈര്യം നേരിടാം, നിങ്ങൾ ഏവരും സന്തോഷത്തോടെയിരിക്കുക ഈ സമയവും കടന്നു പോകും !
നമ്മൾ ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും!!!

റിപ്പോർട്ട്: ജോസഫ് ഇടിക്കുള