ന്യൂജേഴ്‌സിയില്‍ മരണപ്പെട്ടത് അഞ്ചു ശതമാനം ഏഷ്യക്കാര്‍
Wednesday, April 8, 2020 7:48 PM IST
ന്യൂജേഴ്‌സി: കോവിഡ് 19-നെത്തുടര്‍ന്നുള്ള മരണസംഖ്യ സംസ്ഥാനത്ത് 1,232 ആയി ഉയര്‍ന്നതായി ന്യൂജേഴ്‌സി അധികൃതര്‍. മൊത്തം കേസുകള്‍ 44,416 ആയി. 3,361 പുതിയ പോസിറ്റീവ് കേസുകളും 232 പുതിയ മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളില്‍ 10 ശതമാനം ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ 1,232 മരണങ്ങളില്‍ 729 പേരില്‍ 60 ശതമാനം വെള്ളക്കാരും 24 ശതമാനം കറുത്തവരോ ആഫ്രിക്കന്‍-അമേരിക്കക്കാരോ 5 ശതമാനം ഏഷ്യക്കാരോ 11 ശതമാനം പേര്‍ മറ്റു വംശജരോ ആണ്. 44 ശതമാനം കേസുകളില്‍ മാത്രമാണ് കൃത്യമായ വിവരം രേഖപ്പെടുത്തിയിട്ടുള്ളത്. 670 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണ്.

എല്ലാ സംസ്ഥാന, കൗണ്ടി പാര്‍ക്കുകളും അടച്ചിടാന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഉത്തരവിട്ടു. 9 ദശലക്ഷം താമസക്കാരുള്ള ഗാര്‍ഡന്‍ സ്‌റ്റേറ്റില്‍ ന്യൂയോര്‍ക്ക് ഒഴികെയുള്ള ഏത് യുഎസ് സ്‌റ്റേറ്റിനേക്കാളും കൂടുതല്‍ കേസുകളുണ്ട്. യുഎസിലെ കൊറോണ വൈറസ് "ഹോട്ട്‌സ്‌പോട്ട്' എന്നാണ് ന്യൂജേഴ്‌സിയെ ഫെഡറല്‍ അധികൃതര്‍ വിശേഷിപ്പിക്കുന്നത്.

ഏപ്രില്‍ 19 നും മേയ് 11 നും ഇടയില്‍ ന്യൂജേഴ്‌സിയില്‍ കൊറോണ കേസുകള്‍ ഏറ്റവും ഉയരത്തിൽ എത്തുമെന്നും മര്‍ഫി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേർ ആശുപത്രികളില്‍ പ്രവേശിക്കുന്നത് ഏപ്രില്‍ 10 നും ഏപ്രില്‍ 28 നും ഇടയിലാണെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും മികച്ച സാഹചര്യത്തില്‍ പോലും സംസ്ഥാനത്താകെ കൊറോണ കേസുകളുടെ എണ്ണം 86,000 ആയി ഉയരുമെന്നും അദ്ദേഹം ജാഗ്രത മുന്നറിയിപ്പ് നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്

നല്ല ശരീരവേദന, കിടുകിടുക്കുന്ന തണുപ്പ്, മദ്യപാനിയെപ്പോലെ ആടിത്തൂങ്ങിയുള്ള നടപ്പ്, തൊണ്ട നൊമ്പരവുമുണ്ട്. എന്നിട്ടും, മാസ്‌ക്കും ഗ്ലൗസും ഗൗണും ധരിച്ച് രോഗികള്‍ക്കിടയിലൂടെ ഓടിനടക്കുന്നു, ജോലി ചെയ്ത് വലഞ്ഞ തിരുവാങ്കുളംകാരിയായ ഒരു നഴ്‌സിന്റെ (പേര് പറയേണ്ട എന്ന നിര്‍ദ്ദേശം) വാക്കുകളാണിത്. ഇതു തന്നെയാണ് മറ്റിടങ്ങളിലെയും അവസ്ഥ.

എസെക്‌സ്, ബെര്‍ഗന്‍ കൗണ്ടികളിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, ദുരന്തത്തിന്‍റെ വ്യാപ്തിയും ജോലിസ്ഥലത്ത് തങ്ങളുടെ ആവശ്യകത എത്രമാത്രമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. രോഗലക്ഷണങ്ങളുണ്ടായിട്ടും അവരോടു സുരക്ഷാ സംവിധാനങ്ങളുമായി ജോലിക്കെത്താനാണ് മാനേജുമെന്‍റ് ആവശ്യപ്പെടുന്നത്. കാരണം, അത്രമാത്രം ജീവനക്കാരുടെ കുറവ് ഇപ്പോള്‍ ഓരോ ആശുപത്രിയും അനുഭവിക്കുന്നുണ്ട്.

കോവിഡ് 19 ബാധിച്ച ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങളുള്ളവര്‍ ഏഴു ദിവസവും വീട്ടില്‍ തന്നെ തുടരണം. കൂടാതെ മരുന്നുകളുടെ സഹായമില്ലാതെ പനി ശമിച്ചതിനുശേഷം മൂന്നു ദിവസവും വീട്ടിലിരിക്കണം. പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന അസിംപ്‌റ്റോമാറ്റിക് ഹെല്‍ത്ത് കെയര്‍ തൊഴിലാളികള്‍ അവരുടെ ആദ്യത്തെ പോസിറ്റീവ് ടെസ്റ്റിനു ശേഷം ഒരാഴ്ചയോളം വീട്ടിലുണ്ടാവണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ സമയം വാസസ്ഥലത്തു തുടരണം. ജീവനക്കാര്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ, അവര്‍ രോഗി പരിചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം, ജോലിയില്‍ നിന്നും അവധിയെടുക്കുന്നതിനു മുന്‍പ് രോഗവിവരം അവരുടെ സൂപ്പര്‍വൈസറെ അറിയിക്കണം എന്നീ നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് സ്‌റ്റേറ്റ് മെഡിക്കല്‍ പോളിസി പറയുന്നു.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറപ്പെടുവിച്ചതിനേക്കാള്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണെന്ന് ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന യൂണിയന്‍ ഹെല്‍ത്ത് പ്രഫഷണലുകളുടെയും അലൈഡ് എംപ്ലോയീസിന്‍റെയും പ്രസിഡന്‍റ് ഡെബി വൈറ്റ് പറഞ്ഞു. സിഡിസി പോളിസി പറയുന്നത് പോസിറ്റീവായ ഒരു ജീവനക്കാരന്‍ പനി ഇല്ലാതാകുന്നതുവരെ മടങ്ങിവരരുതെന്നും കുറഞ്ഞത് 24 മണിക്കൂറിനുള്ളില്‍ എടുത്ത രണ്ട് പരിശോധനകള്‍ നെഗറ്റീവ് ആകണമെന്നുമാണ്. സിഡിസി നയമനുസരിച്ച് 'എച്ച്‌സിപി (ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍) ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത പാലിക്കാന്‍ കഴിയില്ല' എന്ന് ആശുപത്രികള്‍ തീരുമാനിച്ചേക്കാം.

സ്റ്റേ അറ്റ് ഹോം നിയമം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി പിഴ

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഈ മാസം അവസാനം വരെ വീട്ടില്‍ താമസിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീട്ടുകയും നിയമലംഘകര്‍ക്ക് പിഴ 1,000 ഡോളര്‍ വരെ വര്‍ധിപ്പിക്കുകയും ചെയ്തു. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സമാനമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്‌കൂളുകളും അനാവശ്യ ബിസിനസുകളും ഏപ്രില്‍ 29 വരെ അടച്ചിടുമെന്നും സംസ്ഥാന സാമൂഹിക വിദൂര പ്രോട്ടോക്കോള്‍ ലംഘിക്കുന്നതിനുള്ള പരമാവധി പിഴ ഉടന്‍ 500 ഡോളറില്‍ നിന്ന് ആയിരമായി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഡോ. ക്രിസ്റ്റഫര്‍ മുറെ, ആളുകള്‍ സ്വയം ഒറ്റപ്പെടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. "സാമൂഹ്യ അകലം പാലിക്കുകയാണെങ്കില്‍ തിരിച്ചുവരവ് സാധ്യത വളരെ വലുതാണ്, - അദ്ദേഹം പറഞ്ഞു. സിയീന കോളജ് വോട്ടെടുപ്പില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഭൂരിഭാഗം നിവാസികളും സാമൂഹിക അകലം പാലിക്കുന്നുവെന്ന് കണ്ടെത്തി.

500 വെന്‍റിലേറ്റര്‍ വായ്പ നല്‍കുമെന്ന് കലിഫോര്‍ണിയ

ന്യൂയോര്‍ക്കിനും ന്യൂജേഴ്‌സിക്കും ഉപയോഗിക്കുന്നതിനായി 500 വെന്‍റിലേറ്ററുകള്‍ വായ്പയായി നല്‍കുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചു. വെന്‍റിലേറ്ററുകള്‍ ന്യൂയോര്‍ക്കിലേക്ക് മാറ്റാന്‍ ഒറിഗോണും വാഷിംഗ്ടണും തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ന്യൂസോമിന്‍റെ തീരുമാനം. ദേശീയ സ്‌റ്റോക്ക്‌പൈലില്‍ നിന്ന് 10,000 വെന്‍റിലേറ്ററുകളാണ് ന്യൂയോര്‍ക്ക് അധികൃതര്‍ അഭ്യര്‍ഥിച്ചത്. പലതും കേടായ നിലയിലാണെങ്കിലും ലോസ് ആഞ്ചലസിന് 170 വെന്‍റിലേറ്ററുകള്‍ ലഭിച്ചു.

കലിഫോര്‍ണിയയില്‍ 4,252 വെന്‍റിലേറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേടായ ആയിരക്കണക്കിന് വെന്‍റിലേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്ന് ആയിരത്തിലേറെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും മെല്‍ഗാര്‍ പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധന സെല്‍ നിര്‍മാതാക്കളായ ബ്ലൂം എനര്‍ജി കലിഫോര്‍ണിയയിലെയും ഡെല്‍വെയറിലെയും ഉല്‍പാദന പ്ലാന്‍റുകളുടെ ഒരു ഭാഗം പഴയ വെന്‍റിലേറ്ററുകള്‍ നന്നാക്കാന്‍ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് സാന്‍ ഹോസെ ആസ്ഥാനമായുള്ള കമ്പനി 515 വെന്‍റിലേറ്ററുകള്‍ നന്നാക്കിയിരുന്നു. ആഴ്ചയില്‍ 1,000 വരെ നന്നാക്കാനുള്ള ശേഷിയുണ്ടെന്ന് കമ്പനി പറയുന്നു.

റോക്കറ്റുകള്‍ നിര്‍മിക്കുന്ന കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റ്, രോഗികള്‍ക്ക് ശ്വസിക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന 'ബ്രിഡ്ജ് വെന്‍റിലേറ്ററിനായി' ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇര്‍വിന്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ മോഡല്‍ വന്‍തോതില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിന് മുമ്പ് കമ്പനി ഫെഡറല്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

മരുന്നുനല്‍കുന്നത് ഇന്ത്യന്‍ കമ്പനികള്‍


ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിതരണം ചെയ്യുന്നതിന്‍റെ പകുതിയോളം ഇന്ത്യയില്‍ നിന്നാണ് വരുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 'ഗെയിം ചേഞ്ചര്‍' എന്നു വിശേഷിപ്പിക്കുന്നത് ഈ മരുന്നിനെയാണ്. മലേറിയ്ക്കുള്ള മരുന്നാണിത്. ബ്ലൂംബെര്‍ഗ് ഇന്‍റലിജന്‍സ് സമാഹരിച്ച ഡേറ്റ അനുസരിച്ച്, കഴിഞ്ഞ വര്‍ഷം യുഎസ് വിതരണം ചെയ്തതിന്‍റെ 47 ശതമാനം ഇന്ത്യന്‍ നിര്‍മാതാക്കളില്‍ നിന്നാണ്. ഇസ്രായേലി ജനറിക്‌സ് ഭീമനായ ടിവ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ അക്‌ടേവിസ് പോലുള്ള ആദ്യ പത്ത് സപ്ലൈയര്‍മാര്‍ മാത്രമാണ് ഇന്ത്യക്കാര്‍ അല്ലാത്തവര്‍. കൊറോണ വൈറസിനെ ഒഴിവാക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന് കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കൂടാതെ കോവിഡ് 19 നായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് അംഗീകരിച്ചിട്ടുമില്ല.

അതേസമയം, കൊറോണയെ തുടര്‍ന്നു വിദേശത്തേക്കു മരുന്നു കയറ്റുമതി ചെയ്യുന്നത് ഏപ്രില്‍ 4 ന് ഇന്ത്യ നിരോധിച്ചിരുന്നു. കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്‍റെ ഇന്ത്യയിലെ ആസ്ഥാനമായ അഹമ്മദാബാദിലെ അനുബന്ധ സ്ഥാപനമാണ് സൈഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍കോര്‍പ്പറേറ്റഡ്. യുഎസിലെ റീട്ടെയില്‍ വിപണിയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മുന്‍ നിര വിതരണക്കാരാണ് ഇവര്‍. ആഗോള ഡിമാന്‍ഡ് വര്‍ധിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കാഡില പറഞ്ഞിരുന്നുവെങ്കിലും ഇന്ത്യന്‍ നിരോധനം കാര്യങ്ങള്‍ തകിടം മറിച്ചു. ഇതിനെതിരേ ട്രംപ് രംഗത്തു വന്നിരുന്നു.

സാമൂഹിക അകലം പാലിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് അമേരിക്കക്കാരില്‍ ബഹുഭൂരിപക്ഷവും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് പോള്‍ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം അമേരിക്കക്കാരും തങ്ങള്‍ മറ്റ് ആളുകളില്‍ നിന്ന് അകലം പാലിക്കുകയാണെന്നും 91 ശതമാനം പേര്‍ 'കഴിയുന്നത്ര വീട്ടില്‍ താമസിക്കുകയാണെന്നും' അഭിപ്രായപ്പെട്ടു. കൂടാതെ, 88 ശതമാനം പേര്‍ ബാറുകളിലേക്കും റസ്റ്ററന്‍റുകളിലേക്കും പോകുന്നത് നിര്‍ത്തിയതായും 61 ശതമാനം പേര്‍ ഭക്ഷണം, ഗാര്‍ഹികാവശ്യങ്ങള്‍ എന്നിവ സംഭരിച്ചതായും അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍, റസ്റ്ററന്‍റുകൾ, ബാറുകള്‍, മറ്റ് ഒഴിവുസമയ വിനോദകേന്ദ്രങ്ങള്‍ എല്ലാം അടച്ചുപൂട്ടി. നിരവധി സംസ്ഥാനങ്ങള്‍ 'ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ' ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വൈറ്റ് ഹൗസ് 15 ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കാന്‍ ശിപാര്‍ശ ചെയ്യുകയും പത്തിലധികം ഗ്രൂപ്പുകളില്‍ ഒത്തുകൂടുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു.

ഷോപ്പ്‌റൈറ്റ് ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂജേഴ്‌സിയിലെ 36 ഷോപ്പ് റൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി കമ്പനി പറയുന്നു. കൂടാതെ അഞ്ച് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ലക്ഷണങ്ങളുണ്ടെന്നും കമ്പനി വെളിപ്പെടുത്തി.

കോവിഡ്-19 ബാധിച്ച ജീവനക്കാര്‍ ഉപയോഗിച്ച എല്ലാ സ്ഥലങ്ങളും വൃത്തിയാക്കിയിട്ടുണ്ടെന്ന് ഷോപ്പ് റൈറ്റ് പറയുന്നു. ഫെഡറല്‍ ഹെല്‍ത്ത് സ്വകാര്യതാ നിയമങ്ങള്‍ ഉദ്ധരിച്ച് രോഗികളായ ജീവനക്കാരുടെ പേരുകളോ ഷെഡ്യൂളുകളോ വകുപ്പുകളോ വെളിപ്പെടിത്താനാവില്ലെന്ന് ഷോപ്പ് റൈറ്റിന്‍റെ വക്താവ് പറഞ്ഞു. ഇതു സംബന്ധിച്ച് ലൈവ് അപ്‌ഡേറ്റുകള്‍ കമ്പനി നടത്തുന്നുണ്ട്. എന്നാല്‍, എല്ലാ ഷോപ്പ് റൈറ്റുകള്‍ക്കും ഫേസ്ബുക്ക് പേജുകളില്ല, കൂടാതെ ചിലത് ഓണ്‍ലൈന്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നുമില്ല. ന്യൂജേഴ്‌സിയില്‍ 140 ഷോപ്പ് റൈറ്റുകള്‍ ഉണ്ട്. അഞ്ച് സ്‌റ്റോറുകളില്‍ വൈറസ് ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുചെയ്തു. ഹില്‍സൈഡ്, ലിറ്റില്‍ ഫോള്‍സ്, ബയോണ്‍, പസെയ്ക്ക്, സ്പാര്‍ട്ട എന്നിവയാണത്. പാഴ്‌സിപ്പനിയിലെ ഷോപ്പ് ഇന്നലെ അടഞ്ഞു കിടന്നു.

വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍, ഷോപ്പ് റൈറ്റ് ചെക്ക് ഔട്ടില്‍ പ്ലെക്‌സിഗ്ലാസ് ഷീല്‍ഡുകള്‍ സ്ഥാപിക്കുകയും സ്‌റ്റോറുകളില്‍ ഒരു സമയം അനുവദിക്കുന്ന ഷോപ്പര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തുകയും മത്സ്യ, ഇറച്ചി കൗണ്ടറുകളില്‍ സേവനം കുറയ്ക്കുകയും ചെയ്തു.

ട്രാന്‍സിറ്റ് യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണമെന്ന് ആവശ്യം

കൊറോണ വൈറസിന്‍റെ വ്യാപനം കുറയ്ക്കാന്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ ധരിക്കാന്‍ ന്യൂജേഴ്‌സി ട്രാന്‍സിറ്റ് എല്ലാ യാത്രക്കാരോടും ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി ഒരു ട്വീറ്റില്‍ എന്‍ജെ ട്രാന്‍സിറ്റ് സിഡിസിയുടെ ശിപാര്‍ശയെ ഉദ്ധരിച്ചാണ് ഈ മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്.

ഫെഡറല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പൊതുസ്ഥലങ്ങളില്‍ മുഖം മൂടി ധരിക്കുകയും കുറഞ്ഞത് 6 അടി അകലെ സൂക്ഷിക്കണമെന്നും ഉപദേശിക്കുന്നു. എന്‍ജെ ട്രാന്‍സിറ്റിന്‍റെ ട്വീറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി ലിങ്കുചെയ്തിട്ടുണ്ട്. അതില്‍ യുഎസ് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് ബന്ദന, സ്‌കാര്‍ഫ്, ഹാന്‍ഡ് ടവലുകള്‍, ടിഷര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് എങ്ങനെ മുഖം മറയ്ക്കാമെന്ന് കാണിക്കുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 90 ശതമാനം കുറഞ്ഞിട്ടുണ്ട്. വരുമാനനഷ്ടം നികത്താന്‍ 1.25 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓരോ 24 മണിക്കൂറിലും വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതില്‍ ഹാന്‍ഡ്‌ഹോള്‍ഡുകള്‍, കൈപ്പിടികള്‍, ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് എന്‍ജെ ട്രാന്‍സിറ്റ് അറിയിച്ചു. സ്‌റ്റേഷനുകളില്‍, ടിക്കറ്റ് വെന്‍ഡിംഗ് വെന്‍ഡിംഗ് മെഷീനുകള്‍, ഹാന്‍ട്രെയ്‌ലുകള്‍, വാതില്‍പ്പിടികള്‍ എന്നിവവൃത്തിയാക്കുന്നു. ഇതുവരെ കാണാത്തതായ ജീവിതക്രമത്തിലാണ് അമേരിക്ക. ഇങ്ങനെയവര്‍ ജീവിച്ചിട്ടില്ല, ശീലിച്ചിട്ടില്ല. ചില മരണങ്ങള്‍ ഉണ്ടായത് മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ബന്ധുജനങ്ങള്‍ക്ക് ഒന്നിച്ചു കൂടുന്നതിനോ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കുന്നതിനോ സാധിക്കാത്തത് ദുഃഖത്തിന്‍റെ തീവ്രത കൂട്ടുന്നു.

നിയമങ്ങള്‍ ശരിക്ക് പാലിക്കുന്നവരും നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കുന്നവരും സ്വന്തം ജീവനും കുടുംബത്തിന്‍റെ സുരക്ഷയും ജീവിതമൂല്യങ്ങളായി കണക്കാക്കുന്നവരുമായതു കൊണ്ടാണ് മലയാളികള്‍ ഒരു പരിധി വരെ കൊറോണ വ്യാപനത്തില്‍ നിന്നകന്നു നില്‍ക്കുന്നത്. ആരാധനാലയങ്ങളിലെ ഒത്തുകൂടിയുള്ള പ്രാര്‍ഥനകള്‍ നടക്കാത്തത് വിശ്വാസസമൂഹത്തെ കുറച്ചൊന്നുമല്ല അലട്ടുന്നത്. പ്രത്യേകിച്ച്, ഈ കഷ്ടാനുഭവ ആഴ്ചയില്‍ പള്ളിയില്‍ പോയി പങ്കെടുത്തുള്ള ആരാധനാനുഭവം ഇല്ലാതെ പോയതില്‍. കമ്പ്യൂട്ടറിലൂടെയും ഫോണിലൂടെയുമുള്ള കൂട്ട പ്രാര്‍ഥനകള്‍ ഇപ്പോള്‍ എല്ലാവരും ശീലമാക്കി.

ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം എന്നുള്ളത് അവര്‍ക്ക് ആശ്വാസമായി. പക്ഷേ പലരും ബോറടിക്കാന്‍ തുടങ്ങിയെന്നതാണ് വാസ്തവം. സ്‌കൂള്‍, കോളജ് അധ്യാപകരും വീട്ടിലിരുന്നു കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിദ്യാര്‍ഥകള്‍ക്കായി കമ്പ്യൂട്ടറിലൂടെ ക്ലാസ് എടുക്കുന്നു. ആശുപത്രി ജോലിക്കാരാണ് ശരിക്കും കഷ്ടപ്പെടുന്നത്. തങ്ങളുടെ സേവനത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ്, തിരഞ്ഞെടുത്ത നിയോഗം പുണ്യമായി കരുതുന്നവരാണ് കൂടുതലും. പേടിച്ചരണ്ട ഒരു ചെറിയ സമൂഹം സര്‍ക്കാരിന്‍റെ പഴുതുകള്‍ ഉപയോഗിച്ച് വീട്ടിലിരിക്കുന്നു. എഫ്എംഎല്‍എ, എഡിഎ എന്നിവ പ്രകാരം ജോലി ഉറപ്പാക്കിയിട്ടുള്ള അവധിയില്‍. പൊതുവേ സേവന സന്നദ്ധരായ ഇന്ത്യക്കാരുടെ ത്യാഗ മനസിനെ മനസാലെ പ്രകീര്‍ത്തിക്കുന്നവരാണ് ഇവിടുത്തെ പൊതുസമൂഹം.

റിപ്പോർട്ട്: ജോര്‍ജ് തുമ്പയില്‍