ഒരിടത്തു ശാന്തത; മറ്റു സ്റ്റേറ്റുകളിൽ കാറ്റും കോളും , ഇത് മറ്റൊരു കൊടുങ്കാറ്റിനുള്ള ആരവമോ?
Tuesday, May 19, 2020 5:01 PM IST
ന്യൂജേഴ്‌സി: കടൽ ക്ഷോഭം പോലെ അലകളടിച്ചിരുന്ന കൂറ്റൻ തിരമാലകൾ ശാന്തമായി.ഒരിടത്തു ശാന്തത കൈവരിച്ചപ്പോൾ കോവിഡ് 19 എന്ന സംഹാരരൂപം ദിശമാറി പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ്. കോവിഡ് മരണനിരക്കിലും പുതിയ കേസുകളിലും അമേരിക്കയിൽ കഴിഞ്ഞ ആഴ്ച്ച കണ്ട ശാന്തതയ്ക്ക് അർഥം എല്ലാം അവസാനിച്ചുവെന്നാണോ?. അവസാനം ആസന്നമായിരിക്കുമെന്നു വിശ്വസിക്കാൻ വരട്ടെ. അമേരിക്കയിലെ പല സ്റ്റേറ്റുകളിലെയും കൊറോണ വൈറസ് സംബന്ധിച്ച ചില കണക്കുകൾ നൽകുന്ന സൂചനകൾ പാൻഡെമിക്ക് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്ന ദിശയിലേക്കു ആണ് പോകുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൗണിൽ നിയന്ത്രങ്ങൾക്ക് ഇളവുകൾ കൊണ്ട് വരുമ്പോൾ കൊറോണ വൈറസ് കാര്യമായി ഹിറ്റ് ചെയ്യാതിരുന്ന സംസ്ഥാനങ്ങൾ കരുതുന്നുണ്ടാകും എന്തിനായിരുന്നു രാജ്യം മുഴുവനും അടച്ചുപൂട്ടിയ ഈ ലോക്ക് ഡൗൺ എന്ന്.

അമേരിക്കയിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ വിനാശം വിതച്ചത് ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ്. എപ്പിഡിമിയോളജി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഒരു വലിയ സുനാമി പോലെ വലിയൊരു തിരമാലയാണ് ആർത്തലച്ചു കടന്നുപോയത്. കൊറോണ വൈറസ് എന്ന കൊടുങ്കാറ്റിൽ രൂപം കൊണ്ട ആ സുനാമി മനുഷ്യജീവിതങ്ങളെ കൊന്നൊടുക്കുന്നത് പൂർണമായും നിലച്ചില്ലെങ്കിലും ഒരൽപ്പം ശാന്തത കൈവരിച്ചിട്ടുണ്ട്.കടൽ ക്ഷോഭത്തിൽ നിന്ന് ശാന്തതയിലേക്ക് വന്ന തിരമാലകൾ പോലെയല്ലെങ്കിലും ഒറ്റപ്പെട്ട തിരയിളക്കങ്ങളും കയറ്റിറക്കങ്ങളും ഉണ്ടാകുന്നുണ്ട്.

നവംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇത്ര വലിയ വിനാശകാരിയായിരിക്കുമെന്ന് ചൈനപോലും കരുതിയിട്ടുണ്ടാവില്ല. പെട്ടെന്ന് ചൈനയിൽ ഒരു വലിയ കൊടുങ്കാറ്റിൽ എന്നപോലെ കൊറോണ വൈറസിന്റെ തിരമാലകൾ വുഹാനിനെ വിഴുങ്ങിയപ്പോൾ ഇങ്ങു അമേരിക്കയിൽ വരെ അതിന്റെ അലകൾ എത്തുമെന്ന് അമേരിക്കക്കാർ സ്വപ്നേപി വിചിച്ചിട്ടുണ്ടായിരുന്നില്ല. എന്തിനേറെ ചൈനയിൽ നിന്ന് ഒരു കാട്ടുതീ പോലെകൊറോണവൈറസ് ആളിപ്പടർന്നപ്പോൾ ഇറ്റലിക്കാർ പോലും ഇതോരു അന്തക വൈറസാണിതെന്നു കരുതിയിരിക്കില്ല. എന്നിട്ടും അമേരിക്കക്കാർ വളരെ ലാഘവമായി കാര്യങ്ങളെ എടുത്തതിന്റെ അന്തരഫലമോ? അമേരിക്ക കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരിതമായി മാറേണ്ട വന്നു ഈ മഹാമാരി.

ന്യൂയോർക്കിനു ദുരന്തംഎന്നും ഒരു ശാപമാണ്. പകർവ്യാധി അടുത്തകാലത്ത് അത്ര സംഭവ്യമല്ലാതിരുന്ന കാലത്താണ് ഒരു ശാപം പോലെ ന്യൂയോർക്കിനെ പിച്ചിച്ചീന്തക്കൊണ്ടു കൊറോണ വൈറസ് എന്ന മഹാമാരി 28 ,500 ആളുകളുടെ ജീവനപഹരിച്ചത്. തീവ്രവാദികളുടെ പോലും കണ്ണ് ന്യൂയോര്ക്കില് മുകളിലാണ്. ഒരൽപ്പം അശ്രദ്ധകൊണ്ട് ന്യൂയോർക്കിനുമേൽ നടന്ന വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക് നൽകിയ മുറിവ് പൂർണമായി ഉണങ്ങും മുൻപാണ് കൊറോണവൈറസ് എന്ന മഹാമാരിയുടെ രൂപത്തിൽ പ്രകൃതിയുടെ ഒളിയാക്രമണവും നടന്നത്. ന്യൂയോർക്കിൽ ഇന്നലെ 155 മരണവും 1,457 പുതിയ കേസുകളുമുണ്ടായി. ഏറ്റവും കൂടുതൽ രോഗികളും ഇവിടെത്തന്നെയാണ് 361,266 പേരാണ് ആകെ കൊറോണ ബാധിതർ.

ന്യൂയോർക്കിൽ സ്റ്റേറ്റിൽ ഉണ്ടായ കോവിഡ് 19 എന്ന മഹാമാരിയുടെ കൊടുങ്കാറ്റ് ന്യൂയോർക്കിലാണ് ആഞ്ഞടിച്ചതെങ്കിലും തൊട്ടടുത്ത സ്റ്റേറ്റ് ആയ ന്യൂജേഴ്സിയിലും അതിന്റ്റെ ശക്തമായ അലയൊലികൾ ഉണ്ടായി. ആദ്യം മെല്ലെയാണ് തുടങ്ങിയതെങ്കിലും പിനീട് പ്രഹര ശേഷി കൂടി. ഇപ്പോൾ അൽപ്പം ശാന്തത കൈവരിച്ചുവെങ്കിലും 10,500 ആളുകളുടെ ജീവൻ ഇതിനകം തിരമാലകൾ വിഴുങ്ങി. 82 പേര് മരിച്ച ന്യൂജേഴ്‌സിയിൽ ഇന്നലെ 1,892 പുതിയ രോഗികളുമുണ്ടായി. അകെ രോഗബാധിതരിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂജേഴ്‌സിയിൽ കൊറോണാ ബാധിതരുടെ എണ്ണം 180,087 ആണ്.

ന്യൂയോർക്ക് ന്യൂജേഴ്സിയുടെ സമീപ സ്റ്റേറ്റ് ആയ കണക്ടിക്കട്ടിലാണ് കൂടുതൽ പ്രഹരമേൽക്കേണ്ടി വന്ന മ്റ്റൊരു സ്റ്റേറ്റ്.ഇവിടെയും സ്ഥിതി ശാന്തമായെങ്കിലും 3,500 പരം ആളുകളുടെ ജീവനപഹരിക്കപ്പെട്ടു.55 പേര് മരിക്കുകയും 697 പുതിയ രോഗികളുമുണ്ടായ അവിടെ ആകെ രോഗബാധിതരുടെ എണ്ണം 38,116 മാത്രമാണ്.

ന്യൂയോർക്കിനെക്കാൾ മുൻപ് കാലിഫോർണിയയിലാണ് കോവിഡ് -19 ന്റെ അലയൊലികൾ ആദ്യം കേട്ടതെങ്കിലും അവിടെ പെട്ടെന്ന് ശാന്തത കൈവരിച്ചു. എന്നാൽ കാലിഫോർണിയയിൽ ഇപ്പോൾ വീണ്ടും മറ്റൊരു കൊടുങ്കാറ്റിനുള്ള ആരവം കേട്ട് തുടങ്ങി. ആദ്യത്തെ ആക്രമണത്തിൽ 1000 താഴെ മാത്രമായിരുന്നു അവിടെ മരണം. എന്നാൽ പിന്നീടുണ്ടായ രണ്ടാമത്തെ കൊടുങ്കാറ്റിൽ ആക്രമണത്തിൽ മരണം കൂടിയതോടെ ആകെ മരണം ഇതിനകം 3,350 ആയി. വാഷിംഗ്‌ടൺ സ്റ്റേറ്റിലും ഇതുപോലെ തന്നെയായിരുന്നു. തന്നെയായിരുന്നു. അതിവേഗം ആഞ്ഞടിച്ച കൊടുങ്കാറ്റു അതിലും വഗം തന്നെ കുറഞ്ഞു. ഇനിയൊരു രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കാരായിട്ടില്ല.എങ്കിലും അവിടെ മരണം 1000 കടന്നു.

ന്യൂയോർക്കിനെ ഒരു ചുഴലിക്കാറ്റുപോലെ കശക്കിയെറിഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ മറ്റൊരു സ്റ്റേറ്റ് ആയ ലൂയിസിയാനയിലും കനത്ത നാശം വിതച്ചുകൊണ്ടു തിരമാലകൾ വാനോളമുയർന്നു. അവിടെ ആദ്യത്തെ കൊടുങ്കാറ്റിനു അൽപം ശാന്തത കൈവരിച്ചുവെങ്കിലും ഇപ്പോഴും മരനിരക്കിൽ വര്ധനവ് തന്നെയാണ്. ഇന്നലെ 72 പേര് കൂടി മരിച്ചതോടെ അകെ മരണം 2,563 ആയി.

ലൂയിസിയാനയ്ക് പിന്നാലെ മിഷിഗണിലെ കാട്ടുതീ പോലെ കോവഡ്-19 ന്റെ മരണകാഹളമുയർന്നു. ന്യൂയോർക്ക്, ന്യൂജേഴ്സിയെപ്പോലെ ശാന്തത കൈവന്നുവെങ്കിലും കനലുകൾ അണയാതെ ചാരത്തിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മരണ നിരക്ക് 5000 ലേക്കടുക്കുന്ന ഇവിടെ ഇതിനകം 50,000 രോഗികളുണ്ടായി.ഇന്നലെ 773 പുതിയ രോഗികളുണ്ടായി.

മസാച്യുസസും പെൻസിൽവാനിയായും ഇല്ലിനോയിസുമാണ് ഇപ്പോൾ കത്തി നിൽക്കുന്ന മൂന്ന് സ്റ്റേറ്റുകൾ. ഇതിൽ മസാച്യുസെസിൽ തീ ആളിക്കത്താൻ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ രോഗികളുടെ എണ്ണത്തിൽ കുറവുകൾ വന്നിട്ടുണ്ടെങ്കിലും ന്യൂജേഴ്‌സി-ന്യൂയോർക്കിലെ വച്ച് നോക്കുമ്പോൾ അത്ര ആശ്വാസകരമല്ല കാര്യങ്ങൾ. അവിടെ 5,828 മരണമായി.ഇന്നലെ മരണം 65, പുതിയ രോഗികൾ 1,043 എന്നിങ്ങനെ ആയിരുന്നു. ആകെ രോഗികൾ 87,082 ആണ്. ഇല്ലിനോയിസിൽ ആണ് പിന്നീട് ശക്തമായ തിരമാലകൾ അലയടിച്ചത്. അവിടെ അതിവേഗം മരണം 4,235 ആയി. ഇവിടെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഉണ്ടാകുന്നത് ഇന്നലെ മരണം 57, പുതിയ രോഗികൾ 2,294 ആയിരുന്നു അകെ രോഗികൾ 96,485 ആണ്. പെനിൽസിൽവാനിയയിൽ ആണ് ഇന്നലെ രാജ്യത്തെ ഏറ്റവുംകൂടുതൽ പേര് മരിച്ചത്. അവിടെ ഇന്നലെ 165 പേര് മരിക്കുകയും 858 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു. അതിവേഗം അകെ മരണ സംഖ്യ 4,668 ആയി . അകെ രോഗികളുടെ എണ്ണം 66,674 ആണ്.

മരണ സംഖ്യ 10,000 കടന്ന ന്യൂയോർക്കിനും ന്യൂജേർസിയ്ക്കും പിന്നിലായി 5000 കടന്ന മസാച്യുസസും 5000 നോടോടുക്കുന്ന മിഷിഗനുമാണുള്ളത്.പെൻസിൽവാനിയായും ഇല്ലിനോയിസുമാണ് 4000 കടന്ന മറ്റു സ്റ്റേറ്റുകൾ.കണക്ടിക്കറ്റും കാലിഫോര്ണിയായും 3000 കടന്നപ്പോൾ ലൂയിസിയാനയും മെരിലാൻഡും 2000 കടന്നു. 2000 ത്തോടടുക്കുന്ന ഫ്ളോറിഡയ്ക്ക് പുറമെ ഇൻഡിയാനാ , ഓഹിയോ, ജോർജിയ, ടെക്സസ്, കൊളറാഡോ, വാഷിംഗ്‌ടൺ, വിർജീനിയ, എന്നീ സ്റ്റേറ്റുകളിലാണ് ആകെ ആയിരം കടന്നിട്ടുള്ളത്.

പെൻസിൽവാനിയയെപ്പോലെ തന്നെ ഫ്ലോറിഡ.ജോർജിയ, മെരിലാൻഡ്, ടെക്സാസ്,ഫ്ലോറിസ്,ഓഹിയോ , ഇൻഡിയാന, വിർജീനിയ തുടങ്ങിയ സ്റ്റേറ്റുകളിലെ വർധിച്ചുവരുന്ന പുതിയ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് അടുത്ത വേവ് ( അലയടികൾ) ഈ സ്റ്റേറ്റുകളിലേക്ക് വ്യാപിച്ചേക്കാമെന്നതാണ്. പലയിടങ്ങളിൽ ടെസ്റ്റിംഗ് പോലും വ്യാപകമല്ലാത്തതിനാൽ പലരും ഇത് ന്യൂയോർക് ന്യൂജേഴ്‌സി തുടങ്ങിയ ദുരിത മേഖലകളിലെ മാത്രം പ്രശ്‌നമാണെന്ന് കരുതി ലഘൂകരിക്കാൻ ശ്രമിക്കുന്നതും ഇനിയും ദുരന്തം വിളിച്ചു വരുത്താവുന്ന മറ്റൊരു കാരണമായി കാണാം.

ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് നടന്നിരിക്കുന്നത് കാലിഫോർണിയയിലാണ്. ന്യൂയോർക്കിൽ 1.44 മില്യണും കാലിഫോർണിയയിൽ .1.37 മില്യൺ ആളുകളിലുമാണ് ടെസ്റ്റിംഗ് നടത്തിയത്. അതേസമയം ന്യൂജേഴ്‌സിയിൽ അഞ്ചേകാൽ ലക്ഷമാളുകളിലാണ് ടെസ്റ്റിംഗ് നടത്തിയത്. കാലിഫോർണിയയിലെ ന്യൂജേഴ്സിയിലും തമ്മിൽ ജനസംഖ്യയിൽ നാലിരട്ടി വര്ധനയുണ്ടെങ്കിലുംകാലിഫോർണിയയിൽ ഒരു മില്യൺ ആളുകളിൽ 84 പേര് മാത്രമാണ് മരിച്ചത്. അതെ സമയം ന്യൂയോർക്കിൽ ഒരു മില്യൺ ആളുകളിൽ 1,464 പേരും ന്യൂജേഴ്‌സിയിൽ 1,776 പേരും മരിച്ചു.

7.35 ലക്ഷമാളുകളിൽ ടെസ്റ്റിംഗ് നടത്തിയ ടെക്‌സാസിൽ ആകട്ടെ ഒരു മില്ല്യൻ ആളുകളിൽ 47 പേരാണ് മരിച്ചത്. ഫ്ളോറിഡയിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ആറേമുക്കാൽ ലക്ഷത്തിൽപ്പരം ആളുകളിൽ ടെസ്റ്റിംഗ് നടത്തിയതിനാൽ ഒരുമില്യന് ആളുകളിൽ 93 പേരാണ് മറിച്ചതു. രാജ്യത്തെ ആളോഹരി മരണനിരക്ക് ഒരു മില്യൺ ആളുകളിൽ 278 പേരാണ്. അതുകൊണ്ടു ടെസ്റ്റിംഗ് എത്ര നടത്തിയെന്നതിനെ ആസ്പദമാക്കിയായിരിക്കും രോഗികളുടെ എണ്ണം വർധിക്കുന്നതിനുള്ള മാനദന്ധം. ഇപ്പോഴും ടെസ്റ്റിംഗ് നടത്താതെ കൊറോണ വൈറസ് വന്നു പോയ നിരവധിയാളുകളിൽ ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടായതായി പരിശോധനയിൽ തെളിഞ്ഞിരുന്നു.ടെസ്റ്റിംഗ് കൂടുതൽ വ്യാപകമാക്കിയാൽ പല സ്റ്റേറ്റുകളിലെയും രോഗികളുടെ എണ്ണം പതിന്മടങ്ങു വർധിച്ചേക്കാം.

രാജ്യത്തെ കൊറോണ വൈറസിന്റെ രണ്ടാം വരവിന്റെ സൂചന നൽകുന്നതാണ് നിലവിൽ രോഗികളായി കഴിയുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത്, നിലവിൽ അമേരിക്കയിൽ ആകെ 11 ലക്ഷം കൊറോണ രോഗികൾ ചികത്സയിലുണ്ട്. പതിനഞ്ചര ലക്ഷം വരുന്ന ആകെ കൊറോണ ബാധിതരിൽ 3.56 ലക്ഷം പേര് മാത്രമാണ് രോഗമുക്തിനേടിയവർ. 92,000 നടുത്തു മരണവുമുണ്ടായി. 4.48 ലക്ഷം പേര് മരിക്കുകയോ രോഗവിമുക്തിനേടുകയോ ചെയ്തു. അതായത് 70 ശതമാനം പേര് ഇപ്പോഴും ചികത്സയിലാണ്. ഇതിൽ എത്ര പേർ രോഗമുക്തിനേടും എത്ര പേര് മരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. ഇതിനിടെ പുതിയ രോഗികളുടെ എണ്ണം ദിനം പ്രതി ശരാശരി കഴിഞ്ഞ ആഴ്ച മാത്രം 25,000 രോഗികളുമുണ്ടായിക്കൊണ്ടിരിക്കുകയുമാണ്.

ന്യൂയോർക്കിൽ മാത്രം ഇപ്പോൾ നിലവിൽ 2,70 ലക്ഷമാളുകൾ ചികിത്സയിലുണ്ട്. അതായത് ആകെ രോഗ ബാധിതരിൽ 75 ശതമാനം പേരുംഇപ്പോൾ ചികിത്സയിൽ കഴിയുന്നവരാണ്. ഇവരിൽ എത്ര പേര് മരിക്കും എത്ര പുതിയ കേസുകൾ ഉണ്ടാകും എന്നതിനെ ആശ്രയിച്ചായിരിക്കും കൊറോണവൈറസിനെ എന്ന് കേട്ടകെട്ടിക്കാൻ കഴിയുമെന്ന് പായാനാകു. ന്യൂജേഴ്സിയിലാകട്ടെ നിലവിൽ 132,788 നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇത് ആകെ രോഗബാധിതരുടെ 88 ശതമാനം വരും.ന്യൂജേഴ്‌സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഇല്ലിനോയിസിൽ 90,000 ത്തിൽ പരമാളുകൾ ചികിത്സയിലാണ്. ഇത് ആകെ രോഗ ബാധിതരുടെ 96 ശതമാനത്തോളം വരും. എന്നാൽ കാലിഫോർണിയയിൽ 73 ശതമാനം രോഗികൾ ചികിത്സയിലാണ്.

ജോർജിയയിലാണ് ഏറ്റവും കൂടുതൽ ശതമാനം രോഗബാധിതർ നിലവിൽ ചികിത്സയിലുള്ളത്. ജോർജിയയിൽ 97 ശതമാനം പേർ നിലവിൽ ചികിത്സയയിലാണ്. ഇവിടെ കോവിഡ് ലോക്ക് ഡൗൺ ഉണ്ടായിരുന്നുവോ എന്ന് തന്നെ സംശയമാണ്. കാരണം അവിടെ എന്നുംജനജീവിതം സാധാരണ ഗതിയാലായിരുന്നു.ലൂയിസിയാന (17 %), യിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ രോഗബാധിതർ ചികിത്സയിൽ കഴിയുന്നത്. അതുപോലെ തന്നെ മിഷിഗൺ(35%)ലും അനുപാതം ഏറെ കുറവാണ്. ഇത് നൽകുന്ന സൂചന ഈ സ്റ്റേറ്റുകൾ ശന്തതയിലേക്കു നീങ്ങുന്നുവെന്നാണ്.

മരണ നിരക്കും രോഗ ബാധിതരുടെ എണ്ണവും കൂടുതലുള്ള മറ്റു സ്റ്റേറ്റുകളിലെ നിലവിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ നിരക്ക്: മസാച്യുസെസ് (62 %), പെൻസിൽവാനിയ(85 %), ടെക്‌സ സ് (50 %) ഫ്ലോറിഡ(80%),കണക്ടിക്കട്ട് (70 %) മേരിലാൻഡ്(85 %), വാഷിംഗ്‌ടൺ (50 %). നെബ്രാസ്‌ക്ക(95 %) എന്നിങ്ങനെയാണ്.

രാജ്യത്ത് ആകെ 16,688 പേർ ഗുരിതരാവസ്ഥയിൽ കഴിയുന്നുണ്ട്. ഈനിരക്ക് പ്രതിദിനം കൂടുകയല്ലാതെ കുറഞ്ഞുവരുന്നത് ഒരിക്കലും കാണുന്നില്ല. ഇക്കാര്യങ്ങളാലെല്ലാം കൊണ്ടുതന്നെ രാജ്യത്തെ കോവിഡ് 19 ന്റെ ആക്രമണം എന്ന് ശാന്തമാകുമെന്നു പറയുക ഈ സമയത്തുപോലും അസാധ്യമാണ്. കൊറോണ വൈറസിന് ചൂടു കാലാവസ്ഥയെ ചെറുക്കാനാവില്ലെന്ന മറ്റൊരു നിരീക്ഷണവുമുണ്ട്. ഇതു കണക്കിലെടുക്കുമ്പോൾ ഉഷ്ണകാലംസമാഗതമായതോടെ ഇപ്പോഴത്തെ മരണ സംഖ്യയിലെ കുറവിനെ ആ രീതിയിലും കാണാവുന്നതാണ്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ