ട്രംപിന്‍റെ ഫോർഡ് മോട്ടോർ കമ്പനി സന്ദർശനം മേയ് 21 ന്
Tuesday, May 19, 2020 11:58 PM IST
മിഷിഗൺ: വ്യക്തിഗത പരിരക്ഷണ ഉപകരണങ്ങൾ നിർമിക്കുന്ന എപ്‌സിലാന്‍റിയിലുള്ള ഫോർഡ് മോട്ടോർ കമ്പനിയുടെ റോസൺവിൽ പ്ലാന്‍റ് പ്രസിഡന്‍റ് ട്രംപ് മേയ് 21 നു (വ്യാഴം) സന്ദർശിക്കും.

കോവിഡ് മഹാമാരിയെ പ്രധിരോധിക്കാൻ പരിരക്ഷണ ഉപകരണങ്ങളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർമിച്ചു സഹായിക്കുന്ന കമ്പനികൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ട്രംപിന്‍റെ ഫോർഡ് മോട്ടോർ കമ്പനി സന്ദർശനം.

മറ്റ്‌ ഏത് മോട്ടോർ കമ്പനിയെക്കാളും കൂടുതൽ മോട്ടോർ വാഹനങ്ങൾ അമേരിക്കയിൽ നിർമിക്കുന്ന കമ്പനി എന്ന നിലയിൽ ഫോർഡ് മോട്ടോർ കമ്പനിയിലേക്കുള്ള ട്രംപിന്‍റെ സന്ദർശനം അംഗീകാരമായി കാണുന്നുവെന്ന് ഫോർഡ് കമ്പനിയുടെ പത്രകുറിപ്പിൽ പറയുന്നു.

പ്രസിഡന്‍റുമാരുമായും അമേരിക്കൻ നേതാക്കളുമായും ഫോർഡ് മോട്ടോർ കമ്പനിയുടെ ചരിത്രപരമായ നല്ല ബന്ധത്തിന്‍റെ ആവർത്തനമാണ് ഈ സന്ദർശനം എന്നും ഫോർഡ് വക്താവ് പറഞ്ഞു. ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന റോസൺവിൽ പ്ലാന്‍റിൽ വെന്‍റിലേറ്റർ നിർമാണം നടക്കുന്നു.

ജൂലൈ നാലിന്നുള്ളിൽ നൂറു ദിവസം കൊണ്ട് ഫോർഡ് മോട്ടോർ കമ്പനിയും ജിഇ ഹെൽത്ത് കെയർ ചേർന്ന് ഒരു ലക്ഷം വെന്‍റിലേറ്റർ നിർമിച്ചു നൽകാനുള്ള ശ്രമത്തിലാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും രാജ്യത്തോടൊപ്പം നിന്ന ചരിത്രമാണ് ഫോർഡിനുള്ളത്. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഫോർഡ് മോട്ടോർ കമ്പനിയുടെ വില്ലോറൺ പ്ലാന്‍റിൽ ബി-24 നിർമിച്ചു നൽകിയതും ‌ ചരിത്രമാണ്.

റിപ്പോർട്ട്: അലൻ ചെന്നിത്തല