കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം മാര്‍ത്തോമാസഭ നല്‍കി
Friday, May 29, 2020 11:39 AM IST
ന്യുയോര്‍ക്ക്: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര മാര്‍ത്തോമാ സഭയുടെ പിന്തുണ ഉറപ്പ് നല്‍കികൊണ്ട് സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത സഭക്കുവേണ്ടി 35 ലക്ഷം രൂപാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പ്രവാസികള്‍ അടക്കമുള്ളവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള നടപടികളെയും കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ച് ഡോ.ജോസഫ് മാര്‍ത്തോമാ മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഓഫിസിലെത്തിയാണ് തുക കൈമാറിയത്. മെത്രാപ്പോലീത്തയോടൊപ്പം സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫും ചടങ്ങില്‍ പങ്കെടുത്തു.

സഭയുടെ ഈ ഉദ്യമത്തിന് പിന്തുണ നല്‍കികൊണ്ട് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ വിഹിതമായി 10 ലക്ഷം രൂപ നല്‍കിയതായി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. കൂടാതെ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായി ഏകദേശം 3500 കുട്ടികളെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്ത് സംരക്ഷിക്കുന്നതായും ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം