ഡിട്രോയിറ്റിൽ സമാധാന റാലി
Friday, June 5, 2020 7:30 PM IST
ഡിട്രോയിറ്റ്: പോലീസ് അതിക്രമത്തിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഡിട്രോയിറ്റ് നഗരം വീണ്ടും വ്യത്യസ്തത നിലനിർത്തുന്നു.

മിഷിഗൺ ഗവർണർ വിറ്റ്മരുടെയും ഡിട്രോയിറ്റ് മേയർ മൈക്ക് ഡഗന്‍റേയും നേത്രത്വത്തിൽ നിരവധി ബിഷപ്പുമാരും ഇമാമുകളും റബിമാരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്ത സമാധാന റാലി ഡിട്രോയ്റ്റിലെ വുഡ്‌വേഡ്‌ അവന്യുവിൽ നടന്നു.

നേതാക്കൾ തെരുവിൽ മുട്ടുകുത്തി ജോർജ് ഫ്ലോയിഡിന് ആദരവ് രേഖപ്പെടുത്തി. ഡിട്രോയ്റ്റിലെ ജനങ്ങൾ വ്യത്യസ്തതരാണ്, അമേരിക്കൻ ജനതയുടെ മനസിനു സമാധാനവും രക്ഷയും ഡിട്രോയ്റ്റിലെ തെരുവീഥികളിൽ വിശ്വാസ സമൂഹം ഉയർത്തുന്ന പ്രാർഥനയിൽ നിന്ന് ലഭിക്കുമെന്ന് മതനേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

കലാപങ്ങളുടെ ചരിത്രമുറങ്ങുന്ന ഡിട്രോയിറ്റ് നഗരം ഇന്നു ലോകത്തിനു തന്നെ മാതൃകയാകുന്നു. ഓരോ അമേരിക്കൻ പൗരനും നീതിയും തുല്യതയും ലഭിക്കണം എന്നാൽ ഇവിടെ നേതാക്കൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. നാം ഒരുമിച്ചു നിന്ന് ഒരേ മനസോടെ നീങ്ങേണ്ട കാലഘട്ടമാണിതെന്നും ഗവർണർ വിറ്റ്മർ ആഹ്വാനം ചെയ്തു.

ഡിട്രോയ്റ്റിലെ ഗ്രെയ്റ്റർ ഗ്രേസ് ടെന്പിളിലെ സീനിയർ പാസ്റ്റർ ബിഷപ് ചാൾസ് എല്ലിസ് ആണ് റാലി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. അമേരിക്കയിലെ മിക്ക നഗരങ്ങളിലും കലാപങ്ങൾ അരങ്ങേറിയപ്പോൾ ഡിട്രോയ്റ്റിൽ ശാന്തമായി പ്രതിഷേധങ്ങൾ നടന്നു എന്നത് ഈ നഗരത്തെയും ഇവിടുത്തെ ജനങ്ങളെയും വ്യത്യസ്തരാക്കുന്നു.

റിപ്പോർട്ട്: അലൻ ജോൺ