ടെക്‌സസില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍
Thursday, June 25, 2020 2:58 PM IST
ഓസ്റ്റിന്‍: ടെക്‌സസില്‍ നിന്നു യാത്രചെയ്ത് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കട്ട് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നു സംസ്ഥാനങ്ങളിലെ മൂന്നു ഗവര്‍ണര്‍മാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ 25 വ്യാഴാഴ്ച മുതല്‍ ക്വാറന്റൈന്‍ നിലവില്‍വരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഡമോക്രാറ്റിക് ഗവര്‍ണര്‍മാരായ ആന്‍ഡ്രൂ കൂമോ (ന്യൂയോര്‍ക്ക്), ഫില്‍ മര്‍ഫി (ന്യൂജഴ്‌സി), നെസ്‌ലമന്റ് (കണക്ടിക്കട്ട്) എന്നിവരാണ് ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് 19 ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന സംസ്ഥാനങ്ങളില്‍ ഇനിയും മറ്റൊരു ദുരന്തം കൂടി ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശം.

ടെക്‌സസില്‍ കോവിഡ് 19 കേസുകള്‍ ദൈനംദിനം വര്‍ധിക്കുകയും, ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാനുസൃതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഗവര്‍ണര്‍ ഗ്രേക്ക് എബെട്ട് ഉള്‍പ്പടെയുള്ളവരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കട്ട് ഗവര്‍ണര്‍മാരുടെ തീരുമാനത്തോട് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. രണ്ടു മാസത്തിനുള്ളില്‍ ഒരു ദിവസം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ജൂണ്‍ 23 ചൊവ്വാഴ്ചയായിരുന്നു (34700). ഏപ്രില്‍ 9-നും 24-നുമായിരുന്നു ഇതിനു മുമ്പ് 36400 രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍