യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകും: ജൊ ബൈഡൻ
Friday, July 3, 2020 4:17 PM IST
ഡെലവെയർ: അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജൊ ബൈഡൻ. ജൂലൈ 1ന് ഡെലവെയർ വിൽമിംഗ്ടണിൽ സംഘടിപ്പിച്ച വെർച്ച്വൽ ഫണ്ട് റെയ്സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേക്കൺ കാപ്പിറ്റൽ പാർട്ട്ണേഴ്സ് സിഇഒ അലൻ ലവന്തൽ ബൈഡനുമായി സംവദിക്കുന്നതിനിടയിൽ അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

യുഎസ്- ഇന്ത്യ സിവിൽ ന്യുക്ലിയർ എഗ്രിമെന്റ് അംഗീകരിപ്പിക്കുന്നതിൽ എട്ടുവർഷം വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നതിൽ താൻ അഭിമാനിക്കുന്നതായും ബൈഡൻ പറഞ്ഞു.

കൊറോണ വൈറസിനെ തടയുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളിൽ താൻ അസന്തുഷ്ടനാണെന്നും ഈ പാൻഡമിക്കിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡൻ പറഞ്ഞു. സുന്ദരമായ ഒരുഭാവി കെട്ടിപ്പടുക്കുന്നതിന് അമേരിക്കക്ക് ഇപ്പോൾ ധീരമായ ഒരു നേതൃത്വം ആവശ്യമാണെന്നും നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ വിജയിക്കുകയാണെങ്കിൽ ആ സ്വപ്നം യാഥാർഥ്യമാകുമെന്നും ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു. അതാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നതെന്നും ബൈഡൻ കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ