തോമാശ്ലീഹായുടെ പ്രേഷിത തീക്ഷ്ണത സീറോ മലബാർ സഭക്ക് മുതൽക്കൂട്ട്: മാർ ജോസ് കല്ലുവേലിൽ
Tuesday, July 7, 2020 7:42 PM IST
സ്‌കാർബൊറോ, ടൊറന്‍റോ: ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിൽ കണ്ട് തന്‍റെ വിരലുകൾ ആണിപ്പഴുതുകളിലൂടെ കൈയോടിച്ചാൽ മാത്രമേ തൃപ്തനാകു എന്ന ശാഠ്യക്കാരനായ തോമായും അതിനു അവസരം ലഭിച്ചപ്പോൾ എന്‍റെ കർത്താവെ, എന്‍റെ ദൈവമേ എന്ന ഏറ്റുപറച്ചിലിലൂടെ, തന്‍റെ അഗാധമായ ദൈവസ്നേഹവും അടിയുറച്ച വിശ്വാസവും പ്രകടമാക്കിയ തോമാശ്ലീഹായുടെ പ്രേഷിത തീക്ഷ്ണതയുമാണ് ഭാരത സഭയുടെ വിശ്വാസത്തിന്‍റെ കാതലും സീറോ മലബാർ സഭയുടെ മുതൽക്കൂട്ടുമെന്നു മിസിസൗഗ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ. സ്‌കാർബൊറോ സെന്‍റ് തോമസ് ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോടനുബന്ധിച്ചു നടന്ന തിരുനാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർ ജോസ് കല്ലുവേലിൽ.

മാർതോമായിൽ നിന്നും പകർന്നു ലഭിച്ച വിശ്വാസ നിറവിന്‍റെ തെളിവാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ദൈവവിളികൾ ഉള്ള ഒരു സമൂഹമായി കേരള കത്തോലിക്കാ സഭ മാറിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രേഷിത വൃത്തിക്കായി കടന്നു ചെല്ലാൻ നമുക്കു ലഭിക്കുന്ന അവസരങ്ങളും. കുടുംബ ബന്ധങ്ങളിൽ, ഏറ്റവും കൂടുതൽ കെട്ടുറപ്പ് പ്രകടിപ്പിക്കുന്ന, കുടുംബ പ്രാർഥനക്കു സമയം കണ്ടെത്തുന്ന നമ്മുടെ കുടുംബങ്ങൾ ലോകത്തോട് പറഞ്ഞറിയിക്കുന്നതും ഈ വിശ്വാസ തീക്ഷ്ണതയുടെ പാരമ്പര്യം തന്നെയാണ്. ഗുരുവിനോടുള്ള സ്നേഹത്തെ പ്രതി ജീവൻ ബലികഴിക്കാൻ തയാറായ തോമാശ്ലീഹാ പഠിപ്പിച്ചതു പോലെ , സഭയെ കൂടുതൽ സ്നേഹിക്കാനും ഇന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. സഭയില്ലെങ്കിൽ പൗരോഹിത്യമില്ല. വിശുദ്ധ കുർബാനയില്ലെങ്കിൽ ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കാനാവില്ല. അതുകൊണ്ടുതന്നെ സഭയെ സ്നേഹിക്കുവാൻ മക്കളെ പഠിപ്പിക്കണമെന്നും മാർ ജോസ് കല്ലുവേലിൽ വിശ്വാസികളെ ഓർമിപ്പിച്ചു.


ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടന്ന തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ജോസ് ആലഞ്ചേരി കൊടിയേറ്റുകർമം നിർവഹിച്ചു. സഹ വികാരി ഫാ. ഡാരിസ് ചെറിയാൻ വിശുദ്ധ കുർബാനയും ലദീഞ്ഞും അർപ്പിച്ചു.

തിരുനാൾ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ ജോൺ ജോസഫും ബിജോയ് വർഗീസും സെന്‍റ് തോമസ് ഫാമിലി യൂണിറ്റിലെ അംഗങ്ങളും നേതൃത്വം നൽകി. തിരുനാൾ ആചരണത്തിന്‍റെ മുഖ്യ പരിപാടികൾ ലൈവ് സ്ട്രീമിങ്ങിലൂടെ ലഭ്യമാക്കിയിരുന്നു.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്‍റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രദക്ഷിണവും മറ്റു ചടങ്ങുകളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ തിരുനാൾ ആഘോഷം.

റിപ്പോർട്ട്:ജോസ് വർഗീസ്