ന്യൂജേഴ്സി സെനറ്റ് സ്ഥാനാർഥി രൂപാന്ദക്ക് പിന്തുണയുമായി ലൊറിറ്റ വിൻബർഗ്
Saturday, August 1, 2020 6:50 PM IST
ന്യൂജേഴ്സി: ന്യൂജേഴ്സി സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി രൂപാന്ദ മേത്തക്ക് പിന്തുണയുമായി ഡമോക്രാറ്റിക് പാർട്ടി ലീഡർ ലൊറിറ്റ വിൻബെർഗ് രംഗത്തുവന്നു.
25-ാം ലജിസ്ലേറ്റീവ് ഡിസ്ട്രിക്ടിൽ നടക്കുന്ന സ്പെഷൽ ഇലക്ഷനിൽ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ആന്‍റണി ബുക്കോയെ ആണ് രൂപാന്ദ നേരിടുന്നത്.

എംസിഎ ബിരുദധാരിയായ രൂപാന്ദ എസ്എആർ ഫൗണ്ടേഷന്‍റെ സ്ഥാപകയും മൾട്ടി മില്യൺ ഡോളർ പ്രോജക്ടിൽ അനലിറ്റിക്കൽ സ്പെഷലിസ്റ്റുമാണ്. ഡൊമസ്റ്റിക് വയലൻസ് ലെയ്സണായി സ്തുത്യർഹമായ സേവനമാണ് രൂപാന്ദ കാഴ്ചവച്ചത്. ഡെൻവില്ലയിൽ ഭർത്താവും മകളും അടങ്ങുന്നതാണ് രൂപാന്ദയുടെ കുടുംബം.

ന്യൂജേഴ്സിയിലെ വോട്ടർമാരുമായി അടുത്ത ബന്ധം പുലർത്തുന്ന രൂപാന്ദ, വളരെ വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ ബുറക്കായെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഡെമോക്രാറ്റിക് പാർട്ടി, രൂപാന്ദക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫണ്ടു സമാഹരണത്തിൽ ബഹുദൂരം മുന്നിട്ടുനിൽക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തുക എന്ന ദുഷ്കര ദൗത്യം നിറവേറ്റുവാൻ തനിക്കാവുമെന്നാണ് രൂപാന്ദയുടെ വിശ്വാസം.

2019 ൽ പിതാവിന്‍റെ മരണത്തെതുടർന്നു ഒഴിവുവന്ന സെനറ്റ് സീറ്റിൽ മകൻ ബുറക്ക 3057 വോട്ടിനാണ് വിജയിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ