സജി ടി. മാത്യു ഐഎന്‍ഒസി കേരള, ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്‍റ്
Wednesday, August 12, 2020 7:10 PM IST
ന്യൂജേഴ്സി: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്‍റായി സജി ടി. മാത്യു തെരഞ്ഞെടുക്കപ്പെട്ടു.

മാവേലിക്കര ബിഷപ് മൂര്‍ കോളജ് പഠനകാലത്ത് കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് സജി ടി. മാത്യു പൊതു രംഗത്തേക്ക് കടന്നുവന്നത്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കെഎസ് യു മാവേലിക്കര താലൂക്ക് ജനറല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983 ല്‍ അമേരിക്കയിലെത്തിയ സജി, ന്യൂജേഴ്സി സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ ഇടവക സെക്രട്ടറി, ട്രഷറര്‍, അക്കൗണ്ടന്‍റ്, ലേ ലീഡര്‍, ഡയോസിസന്‍ മെംബര്‍, യുവജനസഖ്യം സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. എക്യുമെനിക്കല്‍ സംഘടനയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ട്രഷറര്‍, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ സെക്രട്ടറി, ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ന്യൂജേഴ്സി ചാപ്റ്റര്‍ സ്ഥാപക സെക്രട്ടറി എന്ന നിലയിലും സജി ടി. മാത്യു പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയില്‍ പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന പ്രവാസികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളെ ത്രിവര്‍ണ പതാകയുടെ കീഴില്‍ അണിനിരത്തുക, പ്രവാസികളായ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സത്വരമായ പരിഹാരമുണ്ടാക്കുക എന്നീ വിഷയങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് സജി ടി. മാത്യു അറിയിച്ചു.

ഭാരതത്തിന്‍റെ മണ്ണില്‍ മതനിരപേക്ഷത വെല്ലുവിളിയെ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ മതേതര ഭാരതത്തിനുവേണ്ടി എന്നാളും ശക്തമായ നിലപാടെടുത്തിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ശക്തി പകരുവാന്‍ ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും മുന്നോട്ടു വരണമെന്നും സജി ടി. മാത്യു അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ