നൊമ്പരങ്ങള്‍ ഏറി വരുമ്പോള്‍ ദൈവസന്നധിയില്‍ നിന്നും അന്യപ്പെട്ടുപോകരുത്: സക്കറിയാച്ചന്‍
Sunday, September 13, 2020 11:40 AM IST
മസ്‌കീറ്റ് (ഡാളസ്): ജീവിതത്തില്‍ നൊമ്പരങ്ങളും പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന പ്രശ്‌നങ്ങളും ഏറി വരുമ്പോള്‍ ദൈവസന്നധിയില്‍ നിന്നും അന്യപ്പെട്ടുപോകുകയല്ല മറിച്ചു ആ സന്ദര്‍ഭങ്ങളിലെല്ലാം അദൃശ്യനായ ദൈവ കരങ്ങളിലാണ് നാമെന്നു തിരിച്ചറിയയേണ്ടതാണെന്നു റവ പി കെ സക്കറിയാച്ചന്‍ ഉദ്ബോധിപ്പിച്ചു . ഡാളസ് സെന്റ് പോള്‍സ് മാര്‍തോമ ചര്‍ച്ച യുവജനസഖ്യം സെപ്റ്റംബര്‍ 11 ശനിയാഴ്ച വൈകിട്ട് സംഘടിപ്പിച്ച ബൈബിള്‍ പഠന ക്‌ളാസില്‍ 'പ്രതിസന്ധികളില്‍ തളരാത്ത വിശ്വാസം' എന്ന വിഷയത്തെ അപഗ്രഥിച്ചു കേരളത്തില്‍ നിന്നും സൂം വഴി ധ്യാനപ്രസംഗം നടത്തുകയായിരുന്ന സക്കറിയാച്ചന്‍.

ഹബക്കൂക് പ്രവാചകന്‍റെ ജീവിതത്തില്‍ ആഭിമുഖീകരികേണ്ടിവന്ന വിവിധ വെല്ലുവിളികളില്‍ ആദ്യമേ നിരാശനായെങ്കിലും പിന്നീടു കണ്ണുനീരോടെ പ്രാര്ഥിക്കുന്നതായും, പ്രാര്‍ത്ഥനയിലൂടെ ലഭ്യമായ പ്രത്യാശയില്‍ പ്രചോദിതനായി തന്നെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന പ്രവാചകന്റെ അനുഭവം അനുകരണീയമായ മാതൃകയാണെന്നും അച്ചന്‍ പറഞ്ഞു .

അമേരിക്കയില്‍ ഫിലാഡഫിയ ചര്‍ച്ചില്‍ പട്ടക്കാരനായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടിയതും ഒരു വീല്‍ ചെയറിലിരുന്നു വിശ്വസ്തനായ ദൈവം എങ്ങനെ തന്നെ അതിശയകരമായി പ്രയോജനപ്പെടുത്തുന്നു എന്ന അച്ചന്റെ ജീവിതാനുഭവ സാക്ഷ്യം കേള്‍വികാരുടെ കണ്ണുകളെപോലും ഈറനണിയിച്ചു.

അനേകായിരങ്ങളുടെ ജീവന്‍ കവര്‍ന്ന കോവിഡ് 19 എന്ന മഹാമാരി ആഗോള ജനതയെ പരിഭ്രാന്തിയില്‍ ആഴ്ത്തിയിരിക്കുമ്പോള്‍ 'എന്തുകൊണ്ട് ഇങ്ങനെ' എന്ന് ചോദിക്കുന്നതുനുപകരം ദൈവത്തിന്റെ സന്നധിയില്‍ അടുത്തുവന്നു ഹബക്കൂക് പ്രവാചകന്‍ അയ്യംവിളിച്ചു നിലവിളിച്ചതുപോലെ നാമും നിലവിളിക്കുകയാണെങ്കില്‍ ഈ ബാധ നമ്മില്‍ നിന്നും മാറിപോകുമെന്നും അച്ചന്‍ പറഞ്ഞു.

സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ മാത്യു ജോസഫ് (മാനോജച്ചന്‍) ആമുഖപ്രസംഗം നടത്തുകയും സക്കറിയാച്ചനെ പരിചയപ്പെടുത്തുകയും ചെയ്തു. യുവജനസഖ്യം വൈസ് പ്രസിഡന്റ് അലക്‌സ് കോശി ,ട്രഷറര്‍ ഷിബു ചക്കോ, സ്റ്റാന്‍ലി ജോര്‍ജ്, സോജി സ്‌കറിയാ തുടങ്ങിയവര്‍ പ്രാത്ഥനകള്‍ക്കു നേതൃത്വം നല്‍കി. സഖ്യം സെക്രട്ടറി അജു മാത്യു നന്ദി രേഖപ്പെടുത്തി .

യുവജനസഖ്യം ഭദ്രാസന സെക്രട്ടറി ബിജി ജോബി, സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ മാത്യൂസ് മാത്യൂസ് , ഇടവക സെക്രട്ടറി ഈശോ തോമസ് , ഷാജി രാമപുരം എന്നിവര്‍ ഉള്‍പ്പെടെ വിവിധ ഇടവകകളില്‍ നിന്നും നിരവധി പേര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സക്കറിയ അച്ചന്റെ ആശീര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.

റിപ്പോർട്ട് : പി.പി ചെറിയാന്‍