ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാർഡ് ദാനം സെപ്റ്റംബർ 20 ന്
Saturday, September 19, 2020 5:35 PM IST
ഡാളസ്: ഫോമാ നാടകമേള പുരസ്കാരങ്ങൾ സെപ്റ്റംബർ 20നു (ഞായർ) വൈകിട്ട് സൂം മീറ്റിങ്ങിലൂടെ പ്രഖ്യാപിക്കുമെന്ന് പൗലോസ് കുയിലിടാനും നെവിൻ ജോസും അറിയിച്ചു.

ഫോമായുടെ നാടകമേളയിലെ നാടകങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. അഭിനയ കലയുടെ മാസ്മരിക മർമങ്ങൾ അനസ്യൂതം അരങ്ങിലേക്ക് ഒഴുകി വരുന്ന വിസ്മയ കാഴ്ചകൾ അമേരിക്കൻ മലയാളികളുടെ അഭിനയമികവിനു മിഴിവേകുന്നു. അമേച്വർ നാടകവഴിയുടെ പാത പിന്നിട്ടവർ പ്രൊഫഷനലിസത്തിന്‍റെ ഭാവാഭിനയങ്ങൾ ഓരോ രംഗത്തും പ്രതിഫലിപ്പിച്ചു. ഒന്നിനൊന്ന് മെച്ചമായ നാടകങ്ങൾ വിധികർത്താക്കളെ ധർമ്മസങ്കടത്തിലാക്കുന്നു. ഇനിയുള്ള രണ്ടു നാളുകൾ, വിധികർത്താക്കളുടേതാണ്.

നാടകമേളയുടെ വിധികർത്താക്കളായി തമ്പി ആന്‍റണിയുടെ നേതൃത്വത്തിലുള്ള പ്രീ-ജഡ്ജിംഗ് പാനലിനോടൊപ്പം കേരളത്തിലെ മികച്ച നാടകാചാര്യന്മാർ ഒത്തുചേർന്നുള്ള വിധിനിർണയം അന്തിമഘട്ടത്തിലാണ്. കുടുംബ പശ്ചാത്തലങ്ങൾ വേദികളാക്കിയ നാടകരംഗങ്ങൾ നടൻ വഴിയിലെ നാഴിക കല്ലുകളാണ്. "ഫോമാ നാടകമേള 2020' എന്ന പേരിൽ ഒരാഴ്ച മുന്പ് ആരംഭിച്ച ഫെയിസ് ബുക്ക് പേജിലെ സന്ദർശകരുടെ എണ്ണം ഇതിനോടകം കാൽ ലക്ഷം കവിഞ്ഞു.

സിജിൽ പാലക്കലോടി (ഗ്രാന്‍റ് പ്രൈസ്), അനിയൻ ജോർജ് (രണ്ടാം സ്ഥാനം), തോമസ് ടി. ഉമ്മൻ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾക്കുള്ള പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ടി. ഉണ്ണികൃഷ്ണനും മികച്ച നടിക്കുള്ള പുരസ്കാരം വിൽസൺ ഊഴത്തിലും മികച്ച കഥയ്ക്കുള്ള പുരസ്കാരം ജോസ് മണക്കാട്ടും മികച്ച ഡയറക്ടർക്കുള്ള പുരസ്കാരം ജിബി തോമസുമാണ് സ്പോൺ ചെയ്തിരിക്കുന്നത്.
ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് ബിജു ആന്‍റണിയാണ്.

പരിപാടിയുടെ സ്പോൺസർ ജോയ് ആലുക്കാസ്, സിജോ വടക്കൻ, തോമസ് കെ. തോമസ് (അപ്പച്ചൻ), ജോൺ സി വർഗീസ്, ജിനോ കുര്യാക്കോസ്, ജോസഫ് ഔസോ, പ്രിൻസ് നെച്ചിക്കാട്ട്, ജോസ് വടകര, പോൾ ജോൺ (റോഷൻ) എന്നിവരോടൊപ്പം നിരവധി നാടകപ്രേമികളും ഉൾപ്പെടുന്നു.

അവാർഡ് ദാന ചടങ്ങ് ഒരു മെഗാ ഈവന്‍റാക്കാനുള്ള പരിശ്രമത്തിലാണ്. അണിയറ പ്രവർത്തകർ. പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, ഡോ. പൂജ പ്രേം, കലാഭവൻ ജയൻ, ഡോ. ചന്ദ്രബോസ്, ബ്ലെസൻ ഫിലിപ്പ് തുടങ്ങിയ പ്രമുഖ കലാകാരൻമാരുടെ ഒരു നീണ്ട നിര തന്നെ ഈ ചടങ്ങിന് മോടിയേകും. ജോർജിയയിൽ നിന്നുമുള്ള മിനി നായരാണ് അവാർഡ് ദാന ചടങ്ങിന്‍റെ എം.സി. കോവിഡ് മഹാമാരി കാലത്തും പ്രവാസി മലയാളിയുടെ നടനവൈഭവം വിളിച്ചോതുന്ന ഇത്തരം നാടക വേദികൾ ഫോമായുടെ പ്ലാറ്റ് ഫോമിൽ അവതരിപ്പിക്കാനായതിൽ, ചാരിതാർഥ്യം ഉണ്ടന്ന് ഫോമാ നാടകമേളയുടെ ഭാരവാഹികളായ നാഷണൽ കോഓർഡിനേറ്റർ പൗലോസ് കുയിലാടനെയും കൺവീനർ നെവിൻ ജോസിനെയും അഭിനന്ദിച്ചുകൊണ്ട് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് വിൻസെന്‍റ് ബോസ്, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറർ ഷിനു ജോസഫ്, ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ സംയുക്തമായി അറിയിച്ചു.

റിപ്പോർട്ട്:ബിജു തോമസ് പന്തളം