കമല ഹാരിസിനെതിരെ വിമർശനവുമായി എറിക് ട്രംപ്
Monday, September 21, 2020 6:28 PM IST
ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡോണൾഡ് ട്രംപിന്‍റെ മകൻ എറിക് ട്രംപ്. ഇന്ത്യൻ സമൂഹത്തിൽ നിന്നും പൂർണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യൻ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ് എന്ന് അറ്റ്ലാന്‍റയിൽ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെ എറിക് ട്രംപ് പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ വംശജർ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുമായി ഇന്ത്യൻ വംശജരെ ബന്ധിപ്പിക്കുന്നതിനാണ് കമല ഹാരിസ് ശ്രമിക്കുന്നതെന്ന് എറിക് പറഞ്ഞു. അതുവിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ട് കമല ഹാരിസ് നടത്തിയ പ്രസംഗത്തിൽ അമ്മ ശ്യാമള ഗോപാലനെ പേരെടുത്തു പറഞ്ഞ് ഇന്ത്യൻ പൈകൃതകത്തെ കുറിച്ചു അഭിമാനത്തോടെ പരാമർശിച്ചതു എറിക് ചൂണ്ടികാട്ടി.

അതേസമയം കമല ഹാരിസ് ആഫ്രിക്കൻ അമേരിക്കനെന്നും ഏഷ്യൻ അമേരിക്കനെന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാർഥിയാണെന്നും അവകാശപ്പെടുന്നുണ്ടെന്നു എറിക് പറഞ്ഞു. തന്‍റെ പിതാവും ഇന്ത്യൻ പ്രധാന മന്ത്രിയുമായി നല്ല സൗഹൃദ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ഇന്ത്യൻ വംശജരുടെ പുരോഗമനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്നും എറിക് ഉറപ്പ് നൽകി.

നവംബർ മൂന്നിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണയകമായ സംസ്ഥാനങ്ങളിൽ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റും റിപ്പബ്ലിക്കനും സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ