സുപ്രീം കോടതി ജഡ്ജി: മുൻഗണനാ ലിസ്റ്റിൽ രണ്ടു വനിതാ ജഡ്ജിമാർ
Monday, September 21, 2020 6:38 PM IST
വാഷിംഗ്ടൺ ഡിസി: സുപ്രീം കോടതിയിലെ നിലവിലുള്ള ഒമ്പതംഗ സിറ്റിംഗ് ജഡ്ജിമാരിൽ ശനിയാഴ്ച അന്തരിച്ച ജസ്റ്റീസ് റൂത്ത് ജിൻസ്ബർഗിന്‍റെ ഒഴിവിലേക്ക് ഒരു വനിതാ ജഡ്ജിയെ തന്നെ നാമനിർദേശം ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തോടെ രണ്ടു വനിതാ ജഡ്ജിമാർ ട്രംപിന്‍റെ മുൻഗണനാ ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ സെവൻത്ത് കോർട്ട് ജഡ്ജി ഏമി കോണി ബാരറ്റ്, അറ്റ്ലാന്‍റ ഇലവൻത്ത് സർക്യൂട്ട് കോർട്ട് ജഡ്ജി ബാർബറ ലഗൊ എന്നിവരുടെ പേരുകളാണ് ട്രംപ് നാമനിർദേശം ചെയ്യുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പിന് ഒന്നര മാസത്തോളം അവശേഷിക്കെ സുപ്രീം കോടതി ജഡ്ജി നിയമനം ഇരുപാർട്ടികൾക്കും തലവേദന സൃഷ്ടിക്കുന്നതാണ്. യുഎസ് സെനറ്റിൽ 52 പേരുടെ പിന്തുണയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാലു പേർ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ (47+4) ട്രംപിന്‍റെ നീക്കം പരാജയപ്പെടും. തെരഞ്ഞെടുപ്പിനുശേഷം സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നത്. സെനറ്റിലെ ഭൂരിപക്ഷ പാർട്ടി (റിപ്പബ്ലിക്കൻ) നേതാവ് ട്രംപിന്‍റെ അഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. വരും ദിവസങ്ങളിൽ പൊതുതെരഞ്ഞെടുപ്പിനേക്കാൾ ചൂടുപിടിച്ച ചർച്ചാ വിഷയമായി ജഡ്ജി നിയമനം മാറുമെന്നതിൽ സംശയമില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ