ടെക്സസിൽ വിജയ പ്രതീക്ഷയുമായി രണ്ട് മലയാളി സ്ഥാനാർഥികൾ
Thursday, October 15, 2020 6:30 PM IST
ഹൂസ്റ്റൺ: വീറും വാശിയും നിറഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ, ടെക്സസിലെ ഹൂസ്റ്റണിൽ രണ്ടു മലയാളികൾ മത്സരരംഗത്ത് ശക്തമായ നിറസാന്നിധ്യമായി നിൽക്കുന്നു. ടെക്സസിലെ ഹൗസ് ഡിസ്ട്രിക്ട് 27 ൽ നിന്നു മത്സരിക്കുന്ന ടോം വിരിപ്പനും മിസൗറി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിൻ എലക്കാട്ടും.

ടോം വിരിപ്പൻ

മലയാളികളിൽ ഏറെ വോട്ടർമാരായുള്ള ടെക്സസിലെ ഹൗസ് ഡിസ്ട്രിക്ട് 27ൽ (HD-27) നിന്ന് റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കുന്ന ടോം വിരിപ്പൻ നേരിടുന്നത് ഡെമോക്രാറ്റിക് ടിക്കറ്റിൽ മത്സരിക്കുന്ന റോൺ റെയ്നോൾഡ്സിനെയാണ്. തൊടുപുഴ സ്വദേശിയായ ടോം, വേൾഡ് മലയാളി കൗൺസിൽ അംഗമാണ്. ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിറസാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്‍റുമാണ്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യക്കാരനായ മനീഷ് സേഥിനെ 576 വോട്ടിനു പരാജയപ്പെടുത്തിയാണ് ടോം തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് യോഗ്യത നേടിയത്. വിജയിക്കാനാകും എന്ന പ്രതീക്ഷയാണ് ടോം കാമ്പയിൻ നൽകുന്ന സൂചന.

റോബിൻ എലക്കാട്ട്

ബിസിനസ് രംഗത്തു നിന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന റോബിൻ ഏലക്കാട്ട് മിസൗറി സിറ്റി മേയർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ഫ്രെഡ് ജി ടെയ്‌ലറും നിലവിലെ മേയറുമായ യോലാൻഡ ഫോർഡുമാണ് റോബിന്‍റെ എതിർ സ്ഥാനാർഥികൾ.

സിറ്റി കൗൺസിലേക്കു മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റോബിൻ മിസൗറി സിറ്റിയിൽ ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ റോബിന് പ്രതീക്ഷ നല്കുന്നത് തന്‍റെ ജനസമ്മിതി തന്നെയാണ്. യുവത്വത്തിന്‍റെ പ്രസരിപ്പും കർമോൽസുകതയാർന്ന പ്രവർത്തന മികവും കാഴ്ച വച്ചുകൊണ്ടുള്ള റോബിന്‍റെ തെരഞ്ഞെടുപ്പുപ്രചാരണം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഏറെ നാളുകളായി സ്വന്തം ബിസിനസിലും ജോലിയിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന റോബിൻ, നിലവിലെ മേയറായ യോലാൻഡാ ഫോർഡിന്‍റെ പ്രവർത്തനങ്ങളിൽ മിസൗറി സിറ്റി നിവാസികൾ അസ്വസ്ഥരായിരിക്കുന്നു എന്ന് മനസിലാക്കി വീണ്ടു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണ്.

റിപ്പോർട്ട്: അജു വാരിക്കാട്