ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫറൻസിൽ പുസ്തക പ്രകാശനം 17 ന്
Friday, October 16, 2020 5:50 PM IST
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'പാന്‍ഡെമിക്: എന്‍വിഷനിംഗ് എ ബെറ്റര്‍ വേള്‍ഡ് ബൈ ട്രാന്‍സ്ഫോമിംഗ് ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത്കെയര്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മം ഒക്ടോബര്‍ 17-ന് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫന്‍സ് വേദിയില്‍ നടക്കും.

അംബാസഡര്‍ പ്രദീപ് കപൂര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ എന്നിവര്‍ ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്. നിലവിലെ ആഗോള ആരോഗ്യ നയത്തെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചുള്ള അപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് പുസ്തകം.

വീല്‍സ് ഗ്ലോബല്‍ ഫൗണ്ടേഷന്‍, ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ്, പാന്‍ഐഐടി യുഎസ്എ, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രകാശനം സംഘടിപ്പിക്കുന്നത്. ‌‌

ഒബാമയുടെ ഭരണകാലത്ത് ചീഫ് ടെക്നോളജി ഓഫീസറായിരുന്ന അനീഷ് ചോപ്ര ചടങ്ങില്‍ മുഖ്യാതിഥിയാകും. അമേരിക്കയിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും.

പുസ്തകം വിറ്റുകിട്ടുന്ന പണം രചയിതാക്കള്‍ വീല്‍സിലേക്ക് സംഭാവനയായി നല്‍കും. സെന്‍ടെക് ഇന്‍കോര്‍പ്പറേറ്റിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അമേരിക്കയിലെ ഐഐടി അലുമിനികളുടെ പ്രതിനിധിയും പാന്‍ഐഐടി യുഎസ്എ പ്രസിഡന്‍റുമായ സുന്ദരം "സുന്ദി' ശ്രീനിവാസന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഡോ. സുധാകര്‍ ജോന്നലഗദ്ദ എംഡി, ഒബാമ ഭരണകൂടത്തിലെ യുഎസ് ചീഫ് ടെക്നോളജി ഓഫീസര്‍ അനീഷ് ചോപ്ര, ബോംബെ ഐഐടി പൂര്‍വവിദ്യാര്‍ഥിയും വീല്‍സ് ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റുമായ സുരേഷ് ഷേണായ്, വീല്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗവും ഫിക്കിയുടെ ഉപദേശകനുമായ യോഗേഷ് ആന്‍ഡ്ലേ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിങ്ങനെ വിവിധ ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ള ലുമിനറി നയതന്ത്രജ്ഞനാണ് അംബാസഡര്‍ പ്രദീപ് കപൂര്‍. നിരവധി പുസ്തകങ്ങളുടെ രചയിതാവും എഡിറ്ററുമായ ഇദ്ദേഹം ചിലി, കംബോഡിയ എന്നീ രാജ്യങ്ങളിലി് അംബാസഡറും വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയുമായിരുന്നു. ഇതിനുശേഷമാണ് യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളില്‍ അക്കാദമിക് ആയി ചേരുന്നത്. ഡല്‍ഹി ഐഐടിയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം സ്മാര്‍ട്ട് വില്ലേജ് ഡെവലപ്മെന്‍റ് ഫണ്ടിന്‍റെ (എസ്വിഡിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഇന്‍റലക്ട് ഡിസൈന്‍ അരീനയില്‍ ഇന്‍റര്‍നാഷണല്‍ ഇക്കണോമിക് സ്ട്രാറ്റജിക് അഡ്വൈസര്‍, ഡിപ്ലോമാസി ഇന്ത്യ.കോം ചെയര്‍മാനും ഉപദേശക സമിതി അംഗം എന്നീ പദവികളും വഹിക്കുന്നുണ്ട്. കിഴക്കന്‍ നേപ്പാളില്‍ ബിപി കൊയ് രാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി.

നിരവധി ശാസ്ത്ര-ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവായ ഡോ. ജോസഫ് ചാലില്‍, കോംപ്ലക്സ് ഹെല്‍ത്ത് സിസ്റ്റംസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, ഫ്ളോറിഡയിലെ നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ എച്ച്. വെയ്ന്‍ ഹുയിസെംഗ കോളജ് ഓഫ് ബിസിനസ് ആൻഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍, ഡോ. കിരണ്‍ സി. പട്ടേല്‍ കോളജ് ഓഫ് അലോപ്പതിക് മെഡിസിന്‍ (എന്‍എസ്യു എംഡി) എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. യുഎസ് നേവി മെഡിക്കല്‍ കോര്‍പ്സിലെ വിദഗ്ധനായ ഇദ്ദേഹം ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ആശുപത്രികള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, മറ്റ് ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മേധാവിത്വം വഹിക്കുന്ന 40,000-ത്തിലധികം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവുകളുടെ അന്താരാഷ്ട്ര പ്രഫഫഷണല്‍ സൊസൈറ്റിയായ അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത്കെയര്‍ എക്സിക്യൂട്ടീവ്സ് അദ്ദേഹത്തെ ഫെലോഷിപ്പ് നല്‍കി ആദരിച്ചു.

ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്‍റെ (ഐഎപിസി) ചെയര്‍മാനാണ് ഡോ. ചാലില്‍. യുഎസ് ഹെല്‍ത്ത് കെയര്‍ പോളിസിയില്‍ വിദഗ്ധനും രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സയുടെ ശക്തമായ വാദക്കാരനുമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പഠിച്ച പാഠങ്ങളും പുതിയ അറിവുകളും മുന്നോട്ടുള്ള വഴികളുമാണ് "പാന്‍ഡെമിക്: എന്‍വിഷനിംഗ് എ ബെറ്റര്‍ വേള്‍ഡ് ബൈ ട്രാന്‍സ്ഫോമിംഗ് ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത്കെയര്‍' എന്ന പുസ്തകത്തിലൂടെ അംബാസഡര്‍ കപൂറും ഡോ. ചാലിലും പറയുന്നത്.

അമേരിക്കയിലെ ആരോഗ്യസംരക്ഷണ മാര്‍ഗങ്ങള്‍ അടിമുടി മാറ്റുന്നതിനുവേണ്ട സുസ്ഥിരവും വിപ്ലവകരവുമായ പരിഹാരങ്ങള്‍ രചയിതാക്കള്‍ പുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യയുടെ പുരോഗതിയും സ്വീകരണവും ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും ഇവര്‍ പുസ്തകത്തിലൂടെ വാദിക്കുന്നു.

ഒക്ടോബര്‍ 17 നു (ശനി) രാവിലെ 10 മുതല്‍ 11:30 വരെ (യുഎസ് ഇഎസ്ടി), രാത്രി 7.30 മുതല്‍ രാത്രി 9 വരെ (ഐഎസ്ടി) ആണ് പുസ്തക പ്രകാശന ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ സംബന്ധിക്കുന്നതിനായി https://tinyurl.com/beyondcovid-wheels എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുക. പുസ്തകത്തെയും രചയിതാക്കളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://beyondcovidbook.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.