മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ പരിപാടിയിൽ വിജയപ്രതീക്ഷകൾ പങ്കുവച്ച് സ്ഥാനാർഥികൾ
Tuesday, October 20, 2020 6:17 PM IST
ഹൂസ്റ്റൺ: മലയാളീ സമൂഹത്തിന്‍റെ പിന്തുണ അറിയിക്കുവാനായി ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ' പരിപാടിയിൽ പങ്കെടുത്ത് മലയാളി സ്ഥാനാർഥികളായ ടോം വിരിപ്പനും റോബിൻ ഇലക്കാട്ടും. തങ്ങളുടെ വിജയ പ്രതീക്ഷകൾ പങ്കുവച്ചു.

ടെക്സസ് ഹൗസിനെ പ്രതിനിധീകരിച്ച് ഡിസ്ട്രിക്ട് 27 ൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ടോം വിരിപ്പൻ, മിസോറി സിറ്റി മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് എന്നിവരെ മലയാളികളായ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ നിരവധി മലയാളീ സുഹൃത്തുക്കൾ പങ്കെടുത്തു തങ്ങളുടെ പിന്തുണ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിനമായ നവംബര് 3 വരെയുള്ള ദിവസങ്ങളിൽ വോളണ്ടിയർ വർക്ക് നടത്തി സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കാനും നിരവധി മലയാളികൾ മുന്പോട്ടു വന്നുവെന്നതും ശ്രദ്ധേയമാണ്.

ജെയിംസ് കൂടൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജീമോൻ റാന്നിയാണ് ടോം വിരിപ്പനെ സദസിനു പരിചയപ്പെടുത്തിയത് ചെയ്തത്. ഇന്ത്യയിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുപോലെ തന്നെ അത്ര തന്നെ ഗൗരവമായ തെരഞ്ഞെടുപ്പാണ് ടെക്സസ് ഹൗസിലേക്ക് നടക്കുന്നത്. ഒരു എംഎൽഎയുടെ റോൾ ആണ് വിജയിച്ചാൽ ടോം വിരിപ്പന്‍റെ ഉത്തരവാദിത്വം.അതിനായി ടോം വിരിപ്പന്‍റെ വിജയം ഉറപ്പാക്കുന്നതിന് ഏവരും തുടർന്നുള്ള ദിവസങ്ങളിൽ കഠിന പ്രയത്‌നം ചെയ്യണെമെന്നും അദേഹത്തിന്റെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണെന്നും ജീമോൻ റാന്നി പറഞ്ഞു.

തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ബ്ലെസൺ മിസോറി സിറ്റി മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിനെ സദസിനു പരിചയപ്പെടുത്തി. നീണ്ട വർഷങ്ങൾ പൊതുരംഗത്ത് പ്രവർത്തി പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണ്. പല വർഷങ്ങളിലെ ഇടവേളയ്ക്ക് ശേഷം പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന റോബിൻ വിജയിച്ചാൽ ഗ്രേയ്റ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളിയായ മേയർ എന്ന ചരിത്ര നിമിഷത്തിലേക്കാണ് റോബിൻ കാലെടുത്തുവയ്ക്കുന്നതെന്ന് ബ്ലസൻ പറഞ്ഞു.

തൊടുപുഴയുടെ മണ്ണിൽ നിന്നും അതിജീവനത്തിനായി അമേരിക്കൻ മണ്ണിൽ പറിച്ചു നടപ്പെട്ട ടോം, അമേരിക്കൻ രാഷ്ട്രീയത്തിൽ കന്നിയങ്കത്തിൽ തന്നെ പ്രൈമറിയിൽ ടെക്സസ് ഗവർണറും സംസ്ഥാന റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷയും പിന്തുണച്ച സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് നവംബർ 3ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി റോൺ റെയ്നോഡ്സിനെതിരെ മത്സരിക്കാൻ യോഗ്യത നേടിയത്.

മിസോറി സിറ്റിയുടെ സാമ്പത്തിക രംഗങ്ങളിൽ കൂടുതൽ സുതാര്യത വരുത്തി അച്ചടക്കമുള്ള സാമ്പത്തിക രംഗം ഉറപ്പുവരുത്തും എന്ന് റോബിൻ ഇലക്കാട്ട് സൂചിപ്പിച്ചു. അതോടൊപ്പം ഒരേ സ്ഥാനത്തു ഒരാൾ തന്നെ പല നീണ്ട വർഷങ്ങൾ തുടരുന്നത് പരിമിതപ്പെടുത്തും എന്നും റോബിൻ പറഞ്ഞു. മിസോറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കാനാകുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുമെന്നും റോബിൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: അജു വാരിക്കാട്