കൊലപാതക കേസില്‍ 29 വര്‍ഷം തടവില്‍ കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു
Saturday, October 31, 2020 2:08 PM IST
ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 29 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച ആളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ജെറാര്‍ഡ് ഡുമോണ്ട് എന്നയാളെ ആണ് ഒക്‌ടോബര്‍ 30-ന് വിട്ടയ്ക്കാന്‍ ഉത്തരവായതായി ബ്രൂക്ക്‌ലിന്‍ സിഎ ഓഫീസ് അറിയിച്ചത്. 2014-ന് ശേഷം കുറ്റവിമുക്തമാക്കപ്പെടുന്ന 29-മത്തെ ആളാണ് ഡുമോണ്ട്.

ജയില്‍ മോചിതനായതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡുമോണ്ടിന്റെ മാതാവും കുടുംബാംഗങ്ങളും ദീര്‍ഘകാലമായി നടത്തിവന്ന നിയമയുദ്ധത്തിന് വിരാമമായി. 1987- മാര്‍ച്ചിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഹിങ്ക്‌സണ്‍ എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ആള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ജെറാര്‍ഡിനെ പോലീസ് കേസില്‍ പ്രതിയാക്കുന്നത്. വേറെ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. പ്രൊസ്‌പെക്ട് ലഫര്‍ട്‌സ് ഗാര്‍ഡന്‍ ക്ലബിലെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഹിങ്ക്‌സണെ വെടിവച്ചത് ജെറാര്‍ഡ് ആയിരുന്നു എന്നാണ് ഇയാള്‍ മൊഴി നല്കിയത്. യാതൊരു ഫോറന്‍സിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതകത്തില്‍ ഇയാളെ പ്രതിചേര്‍ക്കുകയായിരുന്നു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാര്‍ഡ് ഹിങ്ക്‌സണെ വെടിവെച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

മാനസിക രോഗിയായ സാക്ഷിയെ മനോരോഗാശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഇയാളും കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു. 2006-ല്‍ ഇയാള്‍ ജയിലില്‍ വച്ചു മരിച്ചു. അന്വേഷണം നടത്തിയ ഡിറ്റക്ടീവ് കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചില്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജറാര്‍ഡിനെ മോചിപ്പിക്കുന്നതിന് ഉത്തരവായത്. മൂന്നു പതിറ്റാണ്ട് കുറ്റവാളിയെന്നു മുദ്രകുത്തി ജീവിക്കേണ്ടിവന്ന തനിക്ക് ഒടുവില്‍ മോചനം ലഭിച്ചതില്‍ ജെറാര്‍ഡ് സന്തുഷ്ടനാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍