ഡാളസ് പോലീസ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു
Thursday, November 19, 2020 6:23 PM IST
ഡാളസ്: പോലീസ് ഓഫീസർ സെർജന്‍റ് ബ്രോൺങ്ക മെക്കോയ (46) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് വ്യാപകമായതിനുശേഷം ഡാളസിൽ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന ആദ്യ പോലീസ് ഓഫീസറാണ് മെക്കോയ.

നവംബർ ആദ്യവാരമാണ് ഇദ്ദേഹത്തിന് കോവിഡിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ സ്ട്രോക്കാണെന്ന് കണ്ടെത്തിയതിനെതുടർന്നു വെന്‍റിലേറ്ററിലേക്ക് മാറ്റുകയും തിങ്കളാഴ്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

കോവിഡ് 19 രോഗികളിൽ ചിലരിലെങ്കിലും സ്ട്രോക്ക് കണ്ടെത്തുന്നുണ്ടെന്ന് മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം ന്യൂറോ സർജൻ ഡോ. ബാർട്ട്‍ലി മിച്ചൽ പറയുന്നു. യുവാക്കളിലാണ് കൂടുതൽ കണ്ടുവരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ഡാളസ് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ 233 ഓഫീസർമാർ ഉൾപ്പെടെ 271 ജീവനക്കാര്‍ കോറോണ വൈറസ് പോസിറ്റീവായിരുന്നു. ഇപ്പോൾ 55 പേർ ക്വാറന്‍റൈനിലും 10 ജീവനക്കാർ ആശുപത്രിയിലുമാണ്.

സർജന്‍റിന്‍റെ ആകസ്മിക വിയോഗത്തിൽ ഡാളസ് പോലീസ് ചീഫ് റെനെ ഹാൾ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ