ടെക്സസ് സ്റ്റേറ്റ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; രണ്ടു പേർ പിടിയിൽ
Friday, November 27, 2020 7:11 PM IST
സാൻമാർക്കസ്, ടെക്സസ്: സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോൾ താരം കംബ്രെയ്ൽ വിന്‍റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ പിടിയിൽ. നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20) എന്നിവരെയാണ് സാൻമാർക്കസ് പോലീസ് അറസ്റ്റു ചെയ്തത്.

സാൻമാർക്കസ് അക്വറീന സ്പ്രിംഗ് ഡ്രൈവിലെ ലോഡ്ജ് അപ്പാർട്ട്മെന്‍റിനു മുമ്പിൽ നവംബർ 25നു വൈകിട്ടായിരുന്നു സംഭവം. വെടിവയ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെതുടർന്ന് സ്ഥലത്ത് എത്തിയ പോലീസിന് നെഞ്ചിൽ വെടിയേറ്റു കിടക്കുന്ന വിന്‍റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്. ഉടൻതന്നെ പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൊഫമൂറായിരുന്നു വിന്‍റേഴ്സ്. ടീമിൽ ഡിഫൻസീവ് ബാക്കായിരുന്നുവെന്ന് കോച്ച് ജേക്ക് സ്വവിറ്റൽ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നുളള്ള വിന്‍റേഴ്സ് അലീഫ് ടെയ്‍ലർ ഹൈസ്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്ബോൾ താരത്തെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതരും വിന്‍റേഴ്സിന്‍റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ