ഡോ. മുകുൾ ചന്ദ്രയുടെ വിയോഗത്തിൽ എഎപിഐ അനുശോചിച്ചു
Monday, November 30, 2020 8:06 PM IST
ഡെറ്റെൻ, ഒഹായൊ: ഒഹായെ ഡെറ്റെനിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. മുകുൾ ചന്ദ്രയുടെ (57) ആകസ്മിക വിയോഗത്തിൽ ഇന്ത്യൻ ഒറിജിൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് അനുശോചിച്ചു.

കഴിഞ്ഞ മാസം അന്തരിച്ച ഡോ. മുകുൾ ചന്ദ്രയുടെ മരണ കാരണം കൊറോണ വൈറസായിരുന്നുവെന്ന് എഎപിഐ സംഘടന സ്ഥിരീകരിച്ചു. ഡോ. ചന്ദ്ര ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തും പ്രഗൽഭ ഡോക്ടറുമായിരുന്നുവെന്ന് പ്രസിഡന്‍റ് ഡോ. സുധാകർ പറഞ്ഞു.ക്ലീവ്‌ലാന്‍റ് ക്ലിനിക്കിൽ കൊറോണ വൈറസിനോടു പൊരുതിയാണു മരണം വരിച്ചത്.

ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ മാസ്റ്റേഴ്സും ലക്‌നൗ എസ്ജിപിജിഐയിൽ തുടർ പരിശീലനവും പൂർത്തിയാക്കിയ മുകുൾ ചന്ദ്ര, ടെക്സസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കാർഡിയോളജിയിൽ ഫെലോഷിപ്പെടുത്തത്.

അമേരിക്കയിൽ മാത്രം 80,000 ത്തിലധികം ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് കോവിഡ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്നു. ഇതിനു പുറമെ 40,000 മെഡിക്കൽ വിദ്യാർഥികൾ, റസിഡന്‍റ്സ് എന്നിവരും വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്നതായി പ്രസിഡന്‍റ് ഡോ. സുധാകർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ