ഫോമ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ സ്വീകരണം
Monday, November 30, 2020 8:17 PM IST
ഹൂസ്റ്റണ്‍: ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം. പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തതിനു ശേഷം ആദ്യമായി ഹൂസ്റ്റണിലെത്തിയ അനിയന്‍ ജോര്‍ജിനെ പൊന്നാട അണിയിച്ചു ചേംബറിന്‍റെ ആസ്ഥാനത്തേക്കു സ്വീകരിച്ചു.

അനിയന്‍ ജോര്‍ജ് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിൻെ എക്കാലത്തെയും അഭ്യുദയാകാംക്ഷിയും സുഹൃത്തുമാണ്. ഫോമ സതേണ്‍ റീജണിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഹൂസ്റ്റണിലെത്തിയ അനിയന്‍ ജോര്‍ജ്, ചേംബറിലെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് സ്വീകരണത്തിനെത്തിയത്.

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ തുടക്കം മുതല്‍ക്കേ അനിയന്‍ ജോര്‍ജ് ഇതിനോട് ആഭിമുഖ്യം കാണിച്ചിരുന്നു. ഹൂസ്റ്റണിലെ ചേംബറിന്‍റെ വിജയത്തെ തുടര്‍ന്ന് അമേരിക്കയിലെ ആദ്യ മലയാളി ചേംബര്‍ ന്യൂജേഴ്‌സിയില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തതും അനിയന്‍ ജോര്‍ജാണ്.

ചേംബർ പ്രസിഡന്‍റ് ജോര്‍ജ് കോളാച്ചേരിലിന്‍റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഡോ. ജോര്‍ജ് എം. കാക്കനാട്, സണ്ണി കാരിക്കല്‍, ബേബി മണക്കുന്നേല്‍, വൈസ് പ്രസിഡന്‍റ് ജിജു കുളങ്ങര, ചേംബര്‍ ട്രഷറര്‍ ഫിലിപ്പ് കൊച്ചുമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോമായും ചേംബറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇത്തരമൊരു അവസരമുണ്ടാക്കി തന്നതിന് നന്ദിയുണ്ടെന്നും മറുപടി പ്രസംഗത്തിൽ അനിയന്‍ ജോര്‍ജ് പറഞ്ഞു. ചേംബറിന്‍റെ ഇത്രയും വര്‍ഷത്തെ പാരമ്പര്യത്തെ അദ്ദേഹം ശ്ലാഘിച്ചു. വളരെ കെട്ടുറപ്പോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന ചേംബര്‍ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അനിയന്‍ ജോര്‍ജ് പ്രകീര്‍ത്തിച്ചു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്