ഗാർഹിക പീഡനം കുറക്കാൻ ആദ്യം വേണ്ടത് നിയമ പരിജ്ഞാനം: ഡോ. തുഷാരാ ജയിംസ്
Sunday, January 24, 2021 3:12 PM IST
ഷിക്കാഗോ: അണുകുടുംബജീവിത രീതിയിൽ ഗാർഹിക പീഡനം, കൂട്ടു കുടുംബ വ്യവസ്തകളേക്കാളും കൂടുതലാണ്. ഭർതൃ- ഭാര്യമാരോടൊപ്പമോ, അതിലും കൂടുതലോ ബാധിക്കുക, അവരുടെ കുട്ടികളേയോ, അടുത്ത ബന്ധുക്കളേയോ ഒക്കെ ആയിരിക്കും. പറഞ്ഞു വന്നതിൻ്റെ ഇതിസാരം, ഗാർഹിക പീഡനം രണ്ടു വ്യക്തികളേ മാത്രമല്ല, ഒരു സമൂഹത്തെ തന്നെ അതു ബാധിച്ചേക്കാമെന്നു ഡോ. (അഡ്വ:) തുഷാരാ ജയിംസ് പ്രസ്ഥാവിച്ചു.

ഈയിടെ അമേരിക്കൻ മലയാളി സമൂഹത്തെ പിടിച്ചുലച്ച ഒരു ഗാർഹിക പീഡന സംഭവമാണ് എംപാഷ ഗ്ലോബൽ എന്ന സംഘടനയുടെ ഉത്ഭവത്തിന് കാരണമായത്. ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ, ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാവണം. എംപാഷ ഗ്ലോബലിന്‍റെ മാസിക വെബിനാർ സീരീസിന്‍റെ ഭാഗമായി ജനുവരി 16 -ന് നടത്തപ്പെട്ട പരിപാടിയിൽ, ഡോ. (അഡ്വ.) തുഷാരാ ജയിംസ്, ഡോ. അജിമോൾ പുത്തൻപുരയിൽ എന്നിവർ ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാകേണ്ട അവശ്യകതയെ കുറിച്ചു സംസാരിച്ചു.

നിയമത്തിന്‍റെ രീതിയിൽ ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ രണ്ടു കാര്യങ്ങളാണ് ഉണ്ടാവേണ്ടത്. 1. ചെറിയ രീതിയിലെങ്കിലും ഉള്ള നിയമ പരിജ്ഞാനം ആളുകളിൽ എത്തിക്കുക, 2. കുടുംബാന്തരീക്ഷത്തിലെ സമാധാനം. ഈ സമാധാനം ഉണ്ടാകേണ്ടത്, പങ്കാളികളുടെ ഇടപെടലുകളിലൂടെയാണ്. അതിനുള്ള പോഷകങ്ങൾ നമ്മൾ നൽകണം. ഇതാണ് ഒരു ആരോഗ്യമുള്ള കുടുംബ ജീവിതത്തിന് വേണ്ട ഘടകങ്ങളെന്നും തുഷാര ജയിംസ് പറഞ്ഞു.

ടെസ ചുങ്കത്തിന്‍റെ പ്രാർത്ഥനാഗാനത്തോട ആരംഭിച്ച എംപാഷ ഗ്ലോബലിന്‍റെ ജനുവരി മീറ്റിംഗിലെ മുഖ്യാതിഥി, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആര്യ രാജേന്ദ്രൻ ആയിരുന്നു. കുട്ടികളിലൂടെയാണ് കുടുംബത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. സംഘടനയുടെ വൈസ് പ്രസിഡന്‍റ് ബിജു ജോസഫ് സ്വാഗതം അറിയിക്കുകയും, പ്രശസ്ത മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട്, സംഘടനയുടെ അഡ്വസറി ബോർഡ് അംഗം ജോൺ ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമിത വെട്ടുപാറപ്പുറത്ത് എം സി ആയിരുന്നു. പാനൽ ചർച്ചയിൽ ഡോ. അലക്സ് തോമസ്, ഡോ. രേണു തോമസ്, നിർമ്മല ജോസഫ്, മുൻ പോലീസ് സർജൻ്റ് ടോമി മെതിപ്പാറ എന്നിവർ പങ്കെടുത്തു. സംഘടനയുടെ പി.ആർ.ഓ. ബബ്ലൂ ചാക്കോ മോഡറേറ്റർ ആയിരുന്നു. ജോയിന്‍റ് സെക്രട്ടറി ജിതേഷ് ചുങ്കത്ത് കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, വിനോദ് കൊണ്ടൂർ 313 208 4952

റിപ്പോർട്ട് : വിനോദ് കൊണ്ടൂർ ഡേവിഡ്