സോഹിനി ചാറ്റര്‍ജി യുഎസ് മിഷന്‍ ലീഡര്‍ഷിപ്പ് ടീം സീനിയര്‍ പോളിസി അഡൈ്വസര്‍
Wednesday, January 27, 2021 2:40 PM IST
വാഷിംഗ്ടണ്‍ ഡിസി: ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് ലീഡര്‍ഷിപ്പ് ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സോഹിനി ചാറ്റര്‍ജിയെ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. ജനുവരി 26നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ അദിത്തി ഗൊറൂറിനെ ലീഡര്‍ഷിപ്പ് ടീമംഗമായും നിയമിച്ചിട്ടുണ്ട്.

ബറാക്ക് ഒബാമയുടെ ഭരണത്തില്‍ ഗ്ലോബല്‍ ഡവലപ്‌മെന്‍റ് വിഷയങ്ങളെ കുറിച്ചു പഠനം നടത്തുന്ന ടീമിന്റെ സീനിയര്‍ പോളിസി അഡ്‌വൈസറായും സോഹിനി പ്രവര്‍ത്തിച്ചിരുന്നു. കൊളംമ്പിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ഫാക്കല്‍റ്റിയിലും സോഹിനി പ്രവര്‍ത്തിച്ചിരുന്നു. സ്റ്റെപ്‌റ്റൊ ആന്‍റ് ജോണ്‍സന്‍ ഇന്‍റര്‍നാഷണല്‍ ലീഗല്‍ ഫേമിലെ അറ്റോര്‍ണിയായിരുന്നു.

ഗൊറൂര്‍ യുഎല്‍ പീസ് കീപ്പിംഗില്‍ പോളിസി അഡ്‌വൈസറാണ്. ലഗോസില്‍ (നൈജീരിയ) ജനിച്ച ഇവര്‍ ഇന്ത്യാ ഒമാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ താമസിച്ചിരുന്നു. ഇരുവരുടേയും നിയമനത്തോടെ ഇരുപതോളം ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ വശംജര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ട്രംപ് ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ നിക്കി ഹേലി മാത്രമാണ് ഉണ്ടായിരുന്നു. ബൈഡന്‍ ഭരണത്തില്‍ നീരാ ടണ്ടന് കാബനറ്റ് റാങ്കും, വിവേക് മൂര്‍ത്തിക്ക് സര്‍ജന്‍ ജനറല്‍ പദവിയും, വനിതാ ഗുപ്തക്ക് അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ പദവിയും ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍