ഗ്രേയ്‌സ് ലോഡ് പാര്‍ക്കിനു സമീപം അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി
Friday, February 26, 2021 7:21 PM IST
ന്യൂജേഴ്‌സി: ബൂണ്‍ടണില്‍ താമസിക്കുന്ന അമ്മയും മകനും ഗ്രേയ്‌സ് ലോഡ് പാര്‍ക്കിന് സമീപമുള്ള വെള്ളകെട്ടില്‍ വീണ് മരിച്ചതായി എസക്‌സ് കൗണ്ടി പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു.

വര്‍ദ്ധ സെയ്ദ് (35) ഇവരുടെ മകൻ ഉസൈൻ അഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ആറ് വയസുള്ള മറ്റൊരു മകനെ വെള്ളക്കെട്ടിനടത്തുനിന്നും കണ്ടെത്തി. മരിച്ച രണ്ട് പേരുടേയും വിശദവിവരങ്ങള്‍ 24 നാണ് അധികൃതര്‍ പുറത്തുവിട്ടത്.

ഫെബ്രുവരി 23 നായിരുന്നു സംഭവം. ആറ് വയസുകാരന്‍റെ നിലവിളികേട്ടാണ് ആളുകള്‍ ഓടികൂടിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയച്ചതനുസരിച്ച് പോലീസ് എത്തി വെള്ളക്കെട്ടിൽ പരിശോധന നടത്തിയപ്പോഴാണ് അമ്മയുടെയും മൂത്ത കുട്ടിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ വെള്ളക്കെട്ടിനടുത്തു പാര്‍ക്ക് ചെയ്ത നിലയിലാണ്.

ഇരുവരുടേയും മരണം ആത്മഹത്യയോ അല്ലെങ്കില്‍ ഒരു അപകടമരണമോ ആകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരുമായി അടുത്ത പരിചയമുള്ള ആൾ നല്‍കിയ വിവിര മനുസരിച്ച് വര്‍ദ്ധയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. ഇവരുടെ ഒരു സഹോദരനും സഹോദരിയും അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ സാധാരണയായി ഈ പാര്‍ക്ക് സന്ദര്‍ശിക്കാറുണ്ടെന്നും പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ