ഒസിഐ കാർഡ് പുതുക്കൽ ലളിതവത്കരിക്കുന്ന ഉത്തരവിനു സ്വാഗതം: തോമസ് ടി. ഉമ്മൻ
Saturday, April 17, 2021 3:13 PM IST
ന്യൂയോർക്ക്: ഒസിഐ കാർഡ് പുതുക്കുവാനുള്ള നിബന്ധനകൾ മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം ഫോമ ട്രഷറർ തോമസ് ടി. ഉമ്മൻ സ്വാഗതം ചെയ്തു. പ്രവാസികൾ വളരെ നാളുകളായി ഉന്നയിച്ച ഈ ആവശ്യം സർക്കാർ നടപ്പാക്കുന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. പ്രവാസി സമൂഹം ഏറെ ആശ്വാസത്തോടെയാണ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്.

ഇനി അടിയന്തരമായി രണ്ട് കാര്യങ്ങൾ കൂടി സർക്കാർ ചെയ്യേണ്ടതുണ്ട്. ഒന്ന്, ഒസിഐ. കാർഡുള്ളവരെ എൻആർഐകൾക്ക് തുല്യരായി പരിഗണിക്കുന്നത് മാറ്റി ചില കാര്യങ്ങളിൽ വിദേശികളായി കണക്കാക്കുമെന്ന് അടുത്ത കാലത്തിറക്കിയ ഉത്തരവ് പിൻവലിക്കുക. രണ്ട്, പാസ്പോർട്ട് സറണ്ടർ എന്ന കടമ്പ കൂടി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒസിഐ പുതുക്കൽ ലളിതവൽക്കരിക്കണമെന്ന് ഏറെക്കാലമായി പ്രവാസികൾ ആവശ്യപ്പെട്ടു വരുന്നതാണ് പുതുക്കലിനായി ഒട്ടേറെ രേഖകളുമായി കോൺ‌സുലേറ്റുകളിലും ഔട്ട് സോഴ്സിങ് ഏജൻസികളിലും കയറി ഇറങ്ങുന്ന സ്ഥിതിയായിരുന്നു. അതിനു വിരാമമിട്ടുകൊണ്ടുള്ള അധികൃതരുടെ നടപടി ആശ്വാസകരമാണ് .

നിസാരമായി ചെയ്യേണ്ട നടപടികളാണ് ഒസി ഐ റിന്യൂവൽ എന്ന് ചൂണ്ടിക്കാട്ടി അധികാരികളെ പല തവണ സമീപിച്ചിട്ടുള്ളതാണ്. പുതുക്കൽ നടപടി നിബന്ധനകൾ എത്ര നിസാരമായി പരിഹരിക്കപ്പെടാവുന്നതാണെന്നു ഈ തീരുമാനം വ്യക്തമാക്കുന്നു. ഒട്ടേറെ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി അധികാരികളെ സമീപിച്ചതിനു വൈകിയാണെങ്കിലും ഫലം കണ്ടെത്തിയത് പ്രവാസിസമൂഹത്തിന്റെ വിജയമാണ്. ഒസി ഐ കാർഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള ഒട്ടേറെ ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുവാൻ ഗവൺമെന്‍റിന്‍റെ തീരുമാനം സഹായകരവും, അഭിനന്ദനവും നന്ദിയും അറിയിക്കുന്നതായും തോമസ് ടി. ഉമ്മൻ കൂട്ടിച്ചേർത്തു.