മലയാളം സൊസൈറ്റി യോഗത്തിൽ ഉണർത്തുപാട്ട്, മാതൃദിന നഴ്സസ്ദിന ചിന്തകൾ
Saturday, May 15, 2021 5:10 PM IST
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം മേയ് എട്ടിന് വെർച്വൽ ആയി (സൂം) ഫ്ളാറ്റ് ഫോമിൽ നടത്തി.

മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് യോഗനടപടികൾ നിയന്ത്രിച്ചു. തോമസ് വർഗ്ഗീസ് മീറ്റിംഗിൽ മോഡറേറ്ററായിരുന്നു. എ.സി ജോർജ് വെർച്വൽ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു.

ഭാഷാ സാഹിത്യ ചർച്ചയിലെ ആദ്യത്തെ ഇനം ന്ധഉണർത്തുപാട്ട്’ എന്ന ശീർഷകത്തിൽ
ടി.എൻ സാമുവൽ എഴുതിയ കവിതാപാരായണമായിരുന്നു. കാലഹരണപ്പെട്ട അബദ്ധജഡിലങ്ങളായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഇന്നും മുതുകിലേറ്റി കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ജനത്തെയും നോക്കികൊണ്ട് അവർക്കൊരു ഉണർത്തുപാട്ടെന്ന രീതിയിൽ കവി പാടി.

"അരയാലിൻ ചോട്ടിലിരുന്നു നാം പാടിയ
പെരുമാളിൻ കഥയല്ല ഈ ജീവിതം.’

മേലുദ്ധരിച്ച വരികളിലൂടെ ആരംഭം കുറിച്ച കവിത ലോകത്തു ഇന്നു കാണുന്ന അന്ധവിശ്വാസങ്ങളെ, മതതീവ്രവാദികൾ മുറുകെ പിടിക്കുന്ന അർത്ഥമില്ലാത്ത മാനവനെ ദ്രോഹിക്കുന്ന അനാചാരങ്ങളെയും വിഘടന, യുക്തി- ബുദ്ധിരഹിത ചിന്തകൾക്കും പ്രവർത്തികൾക്കുമെതിരെ കവിയും കവിതയും വിരൽ ചൂണ്ടുകയാണ്. ഉറങ്ങുന്നവരെയും ഉറക്കംനടിക്കുന്നവരെ പോലുംഒരു പരിധിവരെ ഉണർത്താൻ ഇത്തരം കൃതികൾ അല്പമെങ്കിലും സഹായകരമാകും എന്നാണ് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

മേയ് മാസത്തിൽ ആഘോഷിക്കുന്ന അഖിലലോക മാതൃദിനത്തെയും നഴ്സസ് ദിനത്തെയും ആധാരമാക്കിയും ആശംസ അർപ്പിച്ചുകൊണ്ടും ഈശോ ജേക്കബ് പ്രഭാഷണം നടത്തി. പുരാണ ഇതിഹാസ കഥകളിലെ സ്ത്രീ സങ്കൽപ്പങ്ങളെയും പ്രത്യേകമായി അതിലെ എല്ലാ മാതാക്കളുടെ ജീവിത തത്വങ്ങളെയും ആദർശങ്ങളെയും ത്യാഗസുരഭിലമായ ജീവിതകഥകളെയും വരച്ചു കാട്ടിക്കൊണ്ടയിരുന്നു പ്രഭാഷണം ആരംഭിച്ചത്. നിഷ്കളങ്കയായ കാളിദാസന്‍റെ ശകുന്തള, വ്യാസന്‍റെ മഹാഭാരതത്തിലെ ഗാന്ധാരി തന്‍റെ നൂറു മക്കളും മഹാഭാരതയുദ്ധത്തിൽ ഒന്നൊന്നായി മരിച്ചു വീഴുന്പോഴുണ്ടായ ഹൃദയഭേദകമായ അവരുടെ അനുഭവം, അതുപോലെ ബൈബിളിൽ വിവരിക്കുന്നു. യേശുവിനെ കുരിശിൽ തറച്ചു കൊല്ലുന്പോൾ അമ്മയായ മേരി അനുഭവിക്കുന്ന മനോവ്യഥ എല്ലാം പ്രസംഗത്തിൽ പരമാർശിക്കപ്പെട്ടു. എല്ലാവരുടെയും ജീവിതത്തിൽ അമ്മമാർക്കുള്ള സ്ഥാനം വളരെ ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ടാണ് ഈശോ ജേക്കബ് പ്രഭാഷണം അവസാനിപ്പിച്ചത്. അതുപോലെതന്നെ ആരോഗ്യരംഗത്ത് എന്നുമെന്നും ഒരു മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന നഴ്സുകളുടെ ത്യാഗസുരഭിലമായ കർമ്മങ്ങളെ അനുസ്മരിക്കാനും മുഖ്യപ്രഭാഷകനോടൊപ്പം ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ശ്രദ്ധിച്ചു.

അനിൽ ആഗസ്റ്റിൻ, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തിൽ, പൊന്നു പിള്ള, ജോസഫ് പൊന്നോലി, ജോർജ്ജ് പുത്തൻകുരിശ്, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള നന്ദി പറഞ്ഞു.

റിപ്പോർട്ട്: എ.സി. ജോർജ്