വാർത്താപോർട്ടൽ സി ന്യൂസ് ലൈവ് മേയ് 22 മുതൽ
Saturday, May 15, 2021 9:10 PM IST
ടെക്‌സസ് : വാർത്തകളുടെ ലോകത്ത് പുത്തൻ കാഴ്ചകളുമായി ഗ്ലോബൽ മീഡിയ നെറ്റ്‌വർക്സിന്‍റെ വാർത്താപോർട്ടൽ സി ന്യൂസ് ലൈവ് മേയ് 22 ന് (ശനി) പ്രക്ഷേപണം ആരംഭിക്കുന്നു.

കെസിബിസി പ്രസിഡന്‍റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കെആർഎൽസിബിസി അധ്യക്ഷൻ ബിഷപ് ജോസഫ് കരിയിൽ, മാർ ജോസഫ് പാംപ്ലാനി, മന്ത്രി കെ.കെ. ശൈലജ, ശശി തരൂർ എംപി, ജോൺ ബ്രിട്ടാസ് എംപി, ,മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഷെവലിയാർ ബെന്നി പുന്നത്തുറ , നടൻ സിജോയ് വർഗീസ്, നടൻ ജഗദീഷ്, നടനും അവതാരകനുമായ മിഥുൻ രമേശ്,, കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹൻ, ബ്രദർ സന്തോഷ് കരുമാത്ര തുടങ്ങി കേരളത്തിന്‍റെ രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിക്കും.

രാഷ്ട്രീയ പക്ഷപാതമില്ലാതെ വാർത്തകൾ നേരിന്‍റെ പക്ഷത്തുനിന്ന് ജനങ്ങളിലെത്തിക്കുന്നതിനായി സി ന്യൂസ് ലൈവിൽ ആറു ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള മികച്ച പ്രഫഷണലുകൾ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്നു.

പരസ്യങ്ങളുടെ അകമ്പടി ഇല്ലാതെ വാർത്തകൾ വ്യക്തമായി വായനക്കാരിലേക്ക് - എന്ന ആശയം പ്രാവർത്തികമാക്കുകയാണ് ഈ പോർട്ടൽ. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് വാർത്തകൾ തത്സമയം കൃത്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനോടൊപ്പം തന്നെ വാർത്തയുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന വാർത്താവലോകനവും സിന്യൂസ് ലൈവിന്‍റെ പ്രത്യേകതയാണെന്ന് ചീഫ് എഡിറ്റർ ജോ കാവാലം പറഞ്ഞു.

ആഗോള മലയാളികളുടെ സംരംഭമായ സീ ന്യൂസ്‌ ലൈവ് എന്ന ഓൺലൈൻ മലയാളം പത്രത്തിന്‍റെ ഉദ്ഘടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് കോഓർഡിനേറ്റർ ലിസി ഫെർണാണ്ടസ്, വർഗീസ് തോമസ്, സജി വര്ഗീസ് എന്നിവർ അറിയിച്ചു.