കോവാക്‌സീന്‍, സ്പുട്‌നിക്ക് എന്നിവ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും വാക്‌സിനേഷന്‍
Saturday, June 5, 2021 3:05 PM IST
വാഷിംഗ്ടണ്‍: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്ക് എന്നീ വാക്‌സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്‌സീന്‍ നല്‍കണമെന്ന് അമേരിക്കയിലെ 400 കോളജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക്ക് അഫയേഴ്‌സില്‍ മാസ്റ്റേഴ്‌സ് ഡിസ്ട്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കോവാക്‌സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്‌സിറ്റി കാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്‌സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്‌സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സീനുകള്‍ക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കോളജുകളില്‍ പ്രവേശനം ലഭിച്ചു വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് വാക്‌സീന്‍ സ്വീകരിക്കുന്നതു വലിയൊരു തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍