ന്യൂയോർക്ക്: ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫോമാ കൊല്ലം ജില്ലക്ക് നൽകിയ വെന്റിലേറ്ററും പൾസ് ഓക്സിമീറ്ററുകളും കൊല്ലം ജില്ലാ ആശുപത്രിക്ക് എം. മുകേഷ് എംഎൽഎ കൈമാറി. എം. നൗഷാദ് എംഎൽഎ , ജില്ലാ കളക്ടർ അബ്ദുൾ നാസർ, ഡിഎംഓ ഡോ. ശ്രീലത, ഡോ. വസന്തദാസ് , ഡോ. ഹരികുമാർ , കഐംഎസ്സിഎൽ വെയർഹൗസ് മാനേജർ ലീന, കൊല്ലം പ്രസ്ക്ലബ് സെക്രട്ടറി ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍ ആണ് വെന്റിലേറ്ററുകൾ സ്പോണ്സർ ചെയ്തിരുന്നത്, തിരുവനന്തപുരം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകളും കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍ ആണ് സ്പോണ്സർ ചെയ്യുന്നത്. ഫ്ളവേഴ്സ് ടി വി അമേരിക്കയുടെ ക്രിയേറ്റീവ് ഹെഡും കൊല്ലം സ്വദേശിയുമായ ബിജു സഖറിയയാണ് കൊല്ലത്തെ പരിപാടി നടത്തുവാൻ ഫോമായെ സഹായിച്ചത്.
രണ്ടാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ സാമഗ്രികൾ ആഡ്രയുമായി കൈകോർത്ത് കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. മൂന്നാംഘട്ടമായി കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോണുകളും, ടാബ്ലറ്റുകളും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
ഫോമയുടെ ജീവൻ കാരുണ്യ പ്രവർത്തികളിൽ ഫോമയോടൊപ്പം സഹകരിക്കുന്ന എല്ലാവർക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ