മസാച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചവര്‍: സിഡിസി
Saturday, July 31, 2021 3:05 PM IST
മസാച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകളില്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്, വാക്‌സീന്‍ സ്വീകരിക്കാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടുണ്ട്.

സിഡിസിയുടെ പുതിയ മാസ്‌ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്. ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സിഡിസി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍ 99.5 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 97 ശതമാനവും വാക്‌സിനേറ്റ് ചെയ്യാത്തവരാണെന്നും സിഡിസി മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിനേഷന്‍ മാത്രമാണ് ഇതിന് താല്‍ക്കാലിക പരിഹാര മാര്‍ഗമെന്നും അവര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍