ഹൂസ്റ്റണിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
Wednesday, October 13, 2021 11:19 AM IST
ഹൂസ്റ്റൺ: പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്‍റെ ഇടവകതല ഉദ്ഘാടനം ഹൂസ്റ്റൺ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളയിൽ ഒക്ടോബർ മൂന്നിനു ഞായറാഴ്‌ച നടത്തി. ഫൊറോനാ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര ദീപം തെളിച്ച് കൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു.

രാവിലെ ഒന്പതിനു വിശുദ്ധ കുർബാനയോകൂടി ആരംഭിച്ച പരിപാടിയിൽ മിഷൻ ലീഗ് അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കുകയും, പുതിയ ഭാരവാഹികൾ സത് പ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്തു. മിഷൻ ലീഗ് അംഗങ്ങൾ പ്ലാറ്റിനം ജൂബിലി ഗാനം ആലപിച്ചു. മിഷൻ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടൻ്റെയും ഉദ്ഘാകാടനം നിർവഹിച്ച മാർ. തോമസ് തറയിൽ പിതാവിന്‍റേയും സ്വർഗീയ മധ്യസ്ഥരായ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടേയും കൊച്ചുത്രേസ്യയുടേയും വേഷമണിഞ്ഞ് എത്തിയ കുട്ടികൾ ചടങ്ങിന് കൂടുതൽ മികവേകി.


നന്മയും സഹാനുഭൂതിയും കുഞ്ഞുങ്ങളിൽ വളർത്താൻ മിഷൻ ലീഗ് പ്രവർത്തനങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് സുനി അച്ചൻ പ്രസംഗത്തിൽ അനുസ്മരിച്ചു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുല്യങ്ങളിൽ സമർപ്പിതമായ കുഞ്ഞു മിഷിനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ചു വരുന്നത്. പതാക ഉയർത്തലിനും മിഷൻ ആന്തത്തിനും ശേഷം അവസാനിച്ച പരിപാടികൾക്ക് വൈസ് ഡയറക്ടർ സി. ജോസിയ എസ്.ജെ.സി, മതബോധന ഡയറക്ടർ രാരിച്ചൻ ചെന്നാട്ട്, സി. റെജി എസ്.ജെ.സി, സി. ജോയ്സി എസ്.ജെ.സി, ഓർഗനൈസർമാരായ ലൂസി ഐക്കരേത്ത്, ഷീബ താന്നിച്ചുവട്ടിൽ എന്നിവർ നേതൃത്വം നൽകി.

-സിജോയ് പറപ്പള്ളിൽ