ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിലിനു പുതിയ നേതൃത്വം
Tuesday, October 19, 2021 9:48 AM IST
ഡാളസ് : ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിലിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം.. നവംബർ 16നു നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ പ്രസിഡന്‍റായി ലിയ തരകനും വൈസ് പ്രസിഡന്‍റായി ജോതം സൈമണും തെരഞ്ഞെടുക്കപ്പെട്ടു.

ഗാർലൻഡ് സിറ്റി മേയർ സ്കോട്ട് ലേമായ്‌ ‌ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സിറ്റിയിലുള്ള മറ്റു കൗൺസിലർമാരും സിറ്റിയിലെ ഓരോ ഡിസ്ട്രിക്ടി നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റു 18 യൂത്ത് കൗൺസിലർ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

ഗാർലൻഡ് ഹൈസ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ലിയാ തരകൻ. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി തുടർച്ചയായി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലിയാ തരകൻ, യൂത്ത് കൗൺസിൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡ്രീംസ് എന്ന സംഘടനയുടെ ഡാളസ് റീജണൽ സെക്രട്ടറി കൂടിയാണ് ലിയാ തരകൻ.

നോർത്ത് ഗാർലാൻസ്‌ ഹൈസ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോതം സൈമൺ. 2020 വർഷത്തിൽ ഡിസ്ട്രിക് മൂന്നിൽ നിന്നും യൂത്ത് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിസിപ്പൽ ഉപദേശക ബോർഡ് അംഗം സ്റ്റുഡൻസ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ യുവജനങ്ങളെ സിറ്റിയുടെ പ്രവർത്തനങ്ങളിലേക്കും സിറ്റിയുടെ വളർച്ചയുടെ ഭാഗമായി തീർക്കുവാനും പര്യാപ്തമാക്കുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇതിനായി സിറ്റിയുമായി ചേർന്നു പല പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ടെന്നും ഇരുവരും ‌അറിയിച്ചു.

പുതുതായി സ്ഥാനമേറ്റരെ സിറ്റി മേയറും ഡിസ്റ്റിക് കൗൺസിൽ അംഗങ്ങളും സിറ്റിയിലെ മറ്റു ചുമതലക്കാരും അഭിനന്ദിച്ചു.

പി.പി. ചെറിയാൻ