പണ്ഡിറ്റ് നെഹ്റുവിന്‍റെ ജന്മവാര്‍ഷികത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ അനുസ്മരണ യോഗം സംഘടിപ്പിച്ചു
Sunday, November 21, 2021 11:31 AM IST
ന്യൂയോർക്ക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന്‍റെ 132മത് ജന്മവാര്‍ഷികത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രഥമ പ്രധാനമന്ത്രിയെ അനുസമരിച്ചത്. നെഹ്റുവിനോടുള്ള ആദരസൂചകമായാണ് നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്. അതേ ദിവസം തന്നെ ആധുനിക ഇന്ത്യയുടെ ശില്പിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്ന കീഴ്‌വഴക്കം ഐഒസി യുഎസ്എ - കേരള ചാപ്റ്റർ തുടരുകയായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം കഠിനാധ്വാനത്തിലൂടെ സ്ഥായിയായ ജനാധിപത്യത്തിന് മികച്ച അടിത്തറ പാകിയ ദര്‍ശനപരമായ നീക്കമായിരുന്നു നെഹ്റു ഭരണകൂടത്തിന്റേതെന്ന് പ്രസിഡന്‍റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവർത്തികളും നമ്മുടെ തലമുറയെ സ്വാതന്ത്ര്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ആ ദര്‍ശനം തുടരാന്‍ പ്രചോദിപ്പിക്കുന്നുവെന്നും ഗില്‍സിയാന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവന മനോഭാവത്തെയാണ് താന്‍ ഏറ്റവുമധികം ആരാധിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടി, തന്‍റെ ജീവിതത്തിന്‍റെ ഏകദേശം പത്ത് വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ ചെലവഴിച്ചു. ആധുനിക ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരില്‍ നെഹ്റു മാത്രമാണ് ആഗോള സമൂഹത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ജനതയെ വിദേശകാര്യങ്ങളില്‍ ബോധവത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു.

ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നെഹ്റു കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാണിച്ച സെക്രട്ടറി ജനറല്‍ ഹര്‍ബജന്‍ സിംഗ്, അദ്ദേഹത്തിന്‍റെ മുന്‍കരുതല്‍ വീക്ഷണം ഇല്ലായിരുന്നുവെങ്കില്‍, ഇന്ത്യ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചു. മതേതരത്വത്തിനും തുല്യനീതിക്കുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത രാഷ്ട്രത്തിന്‍റെ സുസ്ഥിരതയ്ക്കും പുരോഗതിക്കും അടിത്തറയായി മാറിയ ഭരണഘടനയിലെ വ്യവസ്ഥകള്‍ സമന്വയിപ്പിക്കുന്നതിന് വഴിയൊരുക്കിയതിനെ വൈസ് പ്രസിഡന്റായ ജോണ്‍ ജോസഫ് പ്രശംസിച്ചു. ആ മഹത്തായ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാന്‍ നിലവിലെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതലമുറയെക്കുറിച്ചുള്ള നെഹ്റുവിന്റെ ആശങ്കകളെ പ്രശംസിച്ച കേരളാ ചാപ്റ്റര്‍ പ്രസിഡന്‍റ് ലീല മാരേട്ട്, അദ്ദേഹത്തിന്റെ നയങ്ങളാണ് വിദ്യാഭ്യാസ-ശാസ്ത്ര രംഗങ്ങളിലെ പുരോഗതിക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടി. നെഹ്‌റുവിന്‍റെ പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെക്കുറിച്ചും യോഗം ആശങ്ക പ്രകടിപ്പിച്ചു.