രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധി; പോര്‍ട്ട്‌ലാന്‍ഡില്‍ കലാപം
Sunday, November 21, 2021 1:11 PM IST
പോര്‍ട്ട്‌ലാന്‍ഡ് (ഒറിഗന്‍): വിസ്‌കോണ്‍സിലില്‍ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നുള്ള കോടതി വിധിക്കെതിരേ പോര്‍ട്ട്‌ലാന്‍ഡില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി ലോ എന്‍ഫോഴ്‌സ്‌മെന്‍റ് അധികൃതര്‍ വെള്ളിയാഴ്ച രാത്രി അറിയിച്ചു.

പ്രകടനക്കാര്‍ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും, പോലീസിനെതിരേ കല്ലുകള്‍ വലിച്ചെറിയുകയും, പോര്‍ട്ട് ലാന്‍ഡ് ഡൗണ്‍ ടൗണിലുള്ള ലോക്കല്‍ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

പതിനെട്ടു വയസുള്ള ഗെയ്ന്‍ റിട്ടന്‍ഹൗസ് പ്രതിഷേധക്കാര്‍ക്കുനേരെ നിറയൊഴിച്ചത് സ്വയരക്ഷയ്ക്കുവേണ്ടിയാണെന്ന വാദം ഭാഗികമായി അംഗീകരിച്ചശേഷമാണ് കോടതി യുവാവിനെ കൊലക്കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്.

വിധിയെത്തുടര്‍ന്ന് വിസ്‌കോണ്‍സിനില്‍ മാത്രമല്ല യുഎസിന്‍റെ വിവിധ സിറ്റികളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, ഷിക്കാഗോ സിറ്റികളിലും പ്രകടനം നടന്നുവെങ്കിലും സമാധാനപരമായിരുന്നു. ശനിയാഴ്ച ആയിരത്തിലധികം പേരാണ് ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്. 'ബ്ലാക് ലൈവ്‌സ് മാറ്ററാണ്' ഷിക്കാഗോയില്‍ പ്രകടനം സംഘടിപ്പിച്ചത്.

പി.പി. ചെറിയാന്‍