ക്രിസ്മസ് ന്യൂ ഇയർ ആഘോഷമൊരുക്കി ടൊറന്‍റോ മലയാളി സമാജം
Tuesday, January 11, 2022 12:29 PM IST
ടൊറന്‍റോ: ഡിസംബറിന്‍റെ തണുപ്പിനെയും കോവിഡ് മഹാമാരിയുടെ ഭീതിയും അവഗണിച്ചു കൊണ്ടുള്ള വരവേൽപ്പാണ് ടൊറന്‍റോ മലയാളി സമാജമൊരുക്കിയ "വിന്‍റർലൂഡ് 2021' നു ലഭിച്ചത്.

കഴിഞ്ഞ വർഷം ഓൺലൈനായാണ് സംഘടിപ്പിച്ചതെങ്കിൽ ഇക്കുറി ആളുകൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് ടൊറന്‍റോ മലയാളി സമാജം പരിപാടി സംഘടിപ്പിച്ചത്.

ടൊറന്‍റോയിലെ മെട്രോപൊളിറ്റൻ സെന്‍ററിൽ നടന്ന പരിപാടി ടൊറന്‍റോയിലെ മലയാളി സമൂഹത്തിനു വലിയ ആവേശവും അതോടൊപ്പം ആശ്വാസവുമാണ് നൽകിയത് .

കാനഡയിലെ മുതിർന്ന പൗരന്മാർക്കുവേണ്ടി ഒന്‍റാരിയോ സർക്കാരിന്‍റെ സഹകരണത്തോടെ ടൊറന്‍റോ മലയാളി സമാജം നിർമിച്ച "My Sencare" എന്ന മൊബൈൽ ആപ്പിന്‍റെ ഉദ്‌ഘാടനം സംസ്ഥാന മന്ത്രി റെയ്മണ്ട് ചോ നിർവഹിച്ചു. സാന്ത ക്ലോസിന്‍റെ വേദിയിലേക്കുള്ള വരവോടെ കലപരിപാടിയകൾക്കു തുടക്കമായി. ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിദ്യാശങ്കറും ഗായിക രാധിക വേണുഗോപാലും അവതരിപ്പിച്ച ഗാനസന്ധ്യയും ഹിപ്സ് ഡോണ്ട് ലൈ എന്ന ടൊറന്‍റോയിലെ പ്രഫഷണൽ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച വിവിധയിനം നൃത്തങ്ങളും ആഘോഷ പരിപാടികൾക്കു മാറ്റു കൂട്ടി. വിന്‍റർലൂഡ് 2021 ന്‍റെ മെഗാ സ്പോൺസർ റീയൽട്ടർ അനുപ് സോമരാജിനെ ടൊറന്‍റോ മലയാളി സമാജം പ്രസിഡന്‍റ് സാബു ജോസ് കാട്ടുകുടിയിൽ മൊമെന്‍റോ നൽകി ആദരിച്ചു.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലുതും 53 വർഷത്തെ പാരമ്പര്യവും ഉള്ള മലയാളി സംഘടനയാണ് ടൊറന്‍റോ മലയാളി സമാജം. കാനഡയിൽ പുതുതായി എത്തുന്ന വിദ്യാർഥികൾക്കും കോവിഡ് രോഗം മൂലം ദുരിതം അനുഭവിക്കുന്ന വ്യക്തികൾക്കും ഭക്ഷണ വിതരണം നടത്തിയും സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് ഗോ ഫണ്ട് മി കാമ്പയിൻ തുടങ്ങിയ നിർണായകമായ പദ്ധതികളും സമാജം സംഘടിപ്പിക്കുന്നു. സമാജത്തിലെ അംഗങ്ങൾക്കുള്ള മെമ്പർഷിപ് കാർഡിന്‍റെ വിതരണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ അത് പൂർത്തീകരിക്കുമെന്നും പ്രസിഡന്‍റ് സാബു ജോസ് കാട്ടുകുടിയിൽ പറഞ്ഞു.

പ്രസിഡന്‍റ് സാബു ജോസ് കാട്ടുകുടിയിൽ, സെക്രട്ടറി ജോസുകുട്ടി ചൂരവടി, ട്രഷറർ അഗസ്റ്റിൻ തോമസ്, വൈസ് പ്രസിഡന്‍റ് ആനി മാത്യൂസ്, ജോയിന്‍റ് സെക്രട്ടറി ജോർജ് എം ജോർജ്, ജോയിന്‍റ് ട്രഷറർ ടോണി പുളിക്കൽ, എന്‍റർടൈൻമെന്‍റ് കൺവീനർ മനു മാത്യു, സ്പോർട്സ് കൺവീനർ രാജു തരണിയിൽ, പിആർഒ സേതു വിദ്യാസാഗർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ സണ്ണി ജോസഫ് എന്നിവരാണ് ക്രിസ്മസ് പുതുവത്സര പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ആസാദ് ജെയിൻ