ഐഎസിൽ ചേർന്ന മുസ്‌ലിം വനിതയുടെ അപ്പീൽ കേൾക്കാൻ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചു
Thursday, January 13, 2022 2:10 PM IST
വാഷിംഗ്ടൺ ഡിസി: ഇസ് ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി സിറിയയിലെത്തി അവിടെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ശേഷം അമേരിക്കയിലേക്ക് മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുസ്‌ലിം വനിത യുഎസ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ വാദം കേൾക്കാൻ കോടതി വിസമ്മതിച്ചു. ജനുവരി 12നാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

ഹൊഡ് മുത്താന എന്ന യുവതി ജനിച്ചുവളർന്നത് അലബാമയിലാണ്. 2014 ൽ ഐഎസിൽ ചേരുന്നതിന് ഇവർ സിറിയയിലേക്ക് പോയി. ഇപ്പോൾ ഇവർക്ക് 29 വയസായി.

മുത്താന സിറിയയിലായിരിക്കുന്പോൾ യുഎസ് ഭരണകൂടം ഇവരുടെ പൗരത്വം കാൻസൽ ചെയ്യുകയും പാസ്പോർട്ട് റിവോക്ക് ചെയ്യുകയും ചെയ്തു.

2019 ൽ മുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെ കോടതിയിൽ ചോദ്യം ചെയ്തു. ഈ കേസിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

യെമൻ സ്വദേശിയായ മുത്താനയുടെ പിതാവ് അമേരിക്കയിൽ നയതന്ത്ര പ്രതിനിധിയായിരിക്കുന്പോഴാ‌ണ് മുത്താന‌യുടെ ജനനം. നയതന്ത്ര പ്രതിനിധികൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയില്ല. എന്നാൽ മുത്താന ജനിക്കുന്നതിനു മുന്പ് നയതന്ത്രപ്രതിനിധി എന്ന സ്ഥാനം ഉപേക്ഷിച്ചിരുന്നതിനാൽ മുത്താനക്ക് അമേരിക്കയിൽ പൗരത്വത്തിന് അർഹതയുണ്ടെന്നായിരുന്നു പിതാവിന്‍റെ വാദം.

ഐഎസിൽ ചേർന്നതിൽ ഖേദിക്കുന്നുവെന്നും മാപ്പു നൽകണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവർ പ്രോത്സാഹിപ്പിക്കുകയും അമേരിക്കൻ പൗരന്മാരെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.

പി.പി. ചെറിയാൻ