‌യുഎസിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു
Saturday, January 22, 2022 11:42 AM IST
ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തിയിട്ട് ഒരു വർഷം പൂർത്തിയാ‌‌യിട്ടും ഗ്യാസിന്‍റേയും നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കാൻ തികഞ്ഞ പരാജയം.

ഒരു വർഷം മുന്പുണ്ടായിരുന്ന ഗ്യാസിന്‍റെ വില (ഗാലന് 2 ഡോളർ) ആ‌യിരുന്നത് ഇപ്പോൾ മൂന്നു ഡോളറിനു മുകളിലെത്തി നിൽക്കുന്നു. മഹാമാരിയുടെ വ്യാപനത്തിൽ പൊറുതിമുട്ടി കഴിയുന്ന സാധാര‌ണ ജനങ്ങളെ സംബന്ധിച്ചു കുതിച്ചുയരുന്ന ഗ്യാസിന്‍റെ വിലയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങൾക്കും വില വർധിച്ചിരിക്കുന്നത് താങ്ങാനാവാത്തതാണ്.

പണപെരുപ്പവും തൊഴിലില്ലായ്മയും വർധിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചു ഇതിനു തുല്യമായ ശന്പള വർധനവ് ഇല്ല എന്നുള്ളതാണ് ദുഃഖകരമായ വസ്തുത.

ഇന്ത്യൻ സ്റ്റോറുകളിലും മലയാളികളുടെ കടകളിലും ഇന്ത്യയിൽനിന്നു ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുന്പ് ഒരു കണ്ടെയ്നർ ഡാളസിൽ എത്തണമെങ്കിൽ മൂവായിരം ഡോളർ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 15,000 മുതൽ 16,000 ഡോളർ വരെയാണ് നൽകേണ്ടതെന്ന് കടയുടമകൾ പറയുന്നു.

25 ഡോളറിനു താഴെ ലഭിച്ചിരുന്ന 30 പൗണ്ട് പാചക ഓയിലിന് 50നു 60 നും ഇടയ്ക്കാണ് വില. അതുപോലെ തന്നെ ഒരു മാസം മുന്പുവരെ 50 സെന്‍റിനു ലഭിച്ചിരുന്ന ഒരു കിലോ സവോളക്ക് ഒന്നര ഡോളറായി വർധിച്ചു. ഒരു ഡോളറിനു ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില കിലോ‌യ്ക്ക് നാല് ഡോളറിനു മുകളിലാണ്. ഇഞ്ചി, മുളക് എന്നിവയ്ക്കും 200 ശതമാനത്തിലേറെ വില വർധിച്ചു. ഈ വില വർധനവ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് മലയാളി സമൂഹത്തെയാണ്.


നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഇത്രയധികം വർധനവുണ്ടായിട്ടും ഇതിനെതിരെ ശബ്ധിക്കാൻ ആരുമില്ലെന്നതാണ് യാഥാർഥ്യം.

പി.പി. ചെറിയാൻ