എട്ടു വർഷത്തിനുശേഷം അരിസോണയിൽ വധശിക്ഷ നടപ്പാക്കി
Friday, May 13, 2022 1:18 AM IST
പി.പി. ചെറിയാൻ
അരിസോണ: 1978ൽ കോളേജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന ക്ലാരൻസ് ഡിക്സന്‍റെ (66) വധശിക്ഷ മേയ് 11ന് നടപ്പാക്കി. എട്ടു വർഷത്തിനു ശേഷമാണ് അരിസോണയിൽ വീണ്ടുമൊരു വധശിക്ഷ നടപ്പാക്കിയത്. 2014 ലായിരുന്നു അവസാന വധശിക്ഷ. 2022ൽ യുഎസിൽ നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.

21 വയസുള്ള അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനി ഡിയാന ന്പൊഡൂയിലിനെ ലൈംഗികമായി പീഡിപ്പിച്ചതും കൊലപാതകവും ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരുമണിക്കൂർ മുന്പ് യുഎസ് സുപ്രീം കോടതി ശിക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളിയിരുന്നു. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു മിനിറ്റുകൾക്കുള്ളിൽ മരണം സ്ഥിരീകരിച്ചു.

ജൂണ്‍ എട്ടിന് മറ്റൊരു വധശിക്ഷ കൂടി അരിസോണയിൽ നടപ്പാക്കേണ്ടതുണ്ട്. അരിസോണ ജയിലുകളിൽ 112 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഗ്യാസ് ചേംന്പർ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമോ എന്ന ആവശ്യം ക്ലാരൻസ് തള്ളിയിരുന്നു. 2020ൽ അരിസോണ സംസ്ഥാനത്തെ നിലവിലുണ്ടായിരുന്ന ഡെത്ത് ഗ്യാസ് ചേംബർ പുതുക്കിപണിതിരുന്നു.