വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്
Wednesday, May 18, 2022 4:10 PM IST
പി.പി. ചെറിയാൻ
ടെക്സസ് : വുഡ്‌ലാൻഡ് സ്റ്റാൻവിക്ക് പ്ലേയ്സിലുള്ള വീട്ടിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്കൂൾ വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി.

ഐറിൻ സണ്ടർലാന്‍റ് (18), ഇവരുടെ കാമുകൻ ഗ്രാന്‍റ് ബ്ലോജറ്റ് (17) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്ന മുറിയിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയതായി ഐറിന്‍റെ അമ്മ പറഞ്ഞു.

ഇരുവരുടെയും ഫോണിൽ നിന്ന് ഇവർക്ക് ലഹരി മരുന്നു നൽകിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഫോൺ സന്ദേശം പോലീസ് കണ്ടെത്തി. പത്തൊന്പതുകാരനായ ഈ യുവാവിന്‍റെ പേരിൽ ലഹരിമരുന്ന് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു.

ഹൈസ്കൂൾ ഗ്രാജ്വഷന് തയാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും മരണം. 2003 ൽ ചൈനയിൽ ജനിച്ച ഐറിനെ മതാപിതാക്കൾ ദത്തെടുക്കുകയായിരുന്നു

അനധികൃത മയക്കുമരുന്നു നൽകി ഒരാളെ മരണത്തിലേക്ക് നയിച്ചാൽ മരുന്നു നൽകിയാളുടെ പേരിൽ കേസെടുക്കുന്നതിനുള്ള നിയമം ടെക്സസിൽ നിലവിലുണ്ട്. മയക്കുമരുന്നു നൽകിയ ആളെ അടുത്ത ആഴ്ച ആദ്യം കോടതിയിൽ ഹാജരാക്കും.