വെറയ്‌സന്‍റെ സിഇഒ ആയി സൗമ്യ നാരായണന്‍ സമ്പത്തിനെ നിയമിച്ചു
Friday, June 17, 2022 9:20 PM IST
പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സൗമ്യ നാരായണന്‍ സമ്പത്തനെ വെറയ്‌സണിന്‍റെ വൈസ് പ്രസിഡന്‍റ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു. ജൂലൈ ഒന്നിനു അദ്ദേഹം ചുമതലയേല്‍ക്കും. രണ്ടു ദശകത്തോളം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ പരിചയ സമ്പത്തുള്ള സൗമ്യ നാരായണന്‍ 2014 ലാണു വെറയ്‌സനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ഇപ്പോള്‍ വെറയ്‌സണ്‍ ബിസിനസ് ചീഫ് റവന്യൂ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ഈ കമ്പനിയില്‍ വിവിധ തസ്തികകള്‍ വഹിച്ചിട്ടുള്ള പരിചയ സമ്പന്നനായ വ്യക്തിയാണ് സമ്പത്ത്. കൊല്‍ക്കത്ത സെന്‍റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ട്ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയില്‍ നിന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയിലും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു എംബിഎയും നേടിയിട്ടുണ്ട്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന പദവിയില്‍ നിക്ഷിപ്തമായ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുവാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് സമ്പത്ത് പറഞ്ഞു. പ്രഗ്ത്ഭനും പ്രശസ്തനുമായ സമ്പത്തിനെ പുതിയ ചുമതലകള്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ വെറയ്‌സണ്‍ ചെയര്‍മാന്‍ ഹാന്‍സ് വെസ്റ്റ് ബര്‍ഗ് സംതൃപ്തി അറിയിച്ചു.