2020 ലെ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രമേയം
Tuesday, June 21, 2022 4:09 PM IST
പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: 2020 ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ടെക്സസ് റിപ്പബ്ലിക്കന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ഈ വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രമേയത്തില്‍ തുടര്‍ന്ന് ചൂണ്ടിക്കാണിക്കുന്നു.

2020 ലെ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത ജോ ബൈഡനെ തെരഞ്ഞെടുത്തതായി സര്‍ട്ടിഫൈ ചെയ്തതു തള്ളികളയുന്നവെന്നും ഹൂസ്റ്റണില്‍ വാരാന്ത്യം നടന്ന സംസ്ഥാന റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.

പ്രമേയത്തിന്റെ കരടുരേഖ തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ പ്ലാറ്റ്ഫോം കമ്മിറ്റി അംഗം ബ്രയാന്‍ ബോഡില്‍ ജനുവരി ആറിലെ കലാപത്തില്‍ പങ്കെടുത്തവരുടെ ഭരണഘടനാ മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി രേഖപ്പെടുത്തിയെങ്കിലും, അന്നു നടന്ന സംഭവങ്ങള്‍ 'ഇന്‍ഡറക്ഷന്‍' ആണെന്ന് ചേര്‍ക്കണമെന്നാവശ്യം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. ഈ ഭേദഗതി നിയമവിധേയമല്ലെന്ന് കമ്മിറ്റിചെയര്‍മാന്‍ മാറ്റ് റിനാല്‍ഡി റൂളിംഗ് നല്‍കുകയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് റൂളിംഗ് നല്‍കുകയും ചെയ്തു.

ട്രംപിന് ശക്തമായ പിന്തുണ നല്‍കുന്ന ടെക്സസ് സംസ്ഥാനത്ത് റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവന്നതില്‍ അതിശയോക്തിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അടുത്ത ദിവസങ്ങളില്‍ ഈ പ്രമേയം അമേരിക്കയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.