രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ : ജെയിംസ് കൂടൽ
Saturday, June 25, 2022 7:40 AM IST
ഹൂസ്റ്റൺ :രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് തകര്‍ത്തത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍.

സിപിഎം നടത്തി വരുന്ന അക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് എസ്എഫ്‌ഐ പിന്തുടരുന്നത്. ജനാധിപത്യക്രമത്തിന് യോജിച്ച പ്രതിഷേധരീതിയല്ല ഇത്. ഭരിക്കുന്ന മുന്നണിയുടെ കുട്ടിനേതാക്കള്‍ക്ക് അക്രമണം നടത്താന്‍ പോലീസും ഒത്താശ ചെയ്തു നല്‍കുകയാണ്.

കേന്ദ്രത്തില്‍ മോദിയും സംസ്ഥാനത്ത് പിണറായി വിജയനും രാഹുല്‍ ഗാന്ധിയോട് സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. എന്തുകൊണ്ട് ഇവര്‍ രാഹുല്‍ ഗാന്ധിയെ ഭയക്കുന്നുവെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. സിപിഎമ്മിന്‍റെ കുട്ടി സഖാക്കള്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ കഴിയുന്ന വീര്യമല്ല രാഹുല്‍ ഗാന്ധിയുടേത്. സംഭവത്തെ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും അപലപിക്കുമ്പോഴും കര്‍ശന നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല.

വയനാട്ടിലെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധം മാത്രമാണിത്. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ കത്തയച്ചതാണ്. ഇത്തരം യാഥാര്‍ഥ്യങ്ങൾ തിരിച്ചറിയാതെ പ്രതിഷേധം നടത്തുന്ന അണികളെ അടക്കി ഇരുത്താന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും ജെയിംസ് കൂടല്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.