ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ.സുനന്ദ നായരുടെ മകൾ സിയാ നായർ
Tuesday, June 28, 2022 3:52 PM IST
ജീമോൻ റാന്നി
ഹൂസ്റ്റൺ: സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം.അവിസ്മരണീയമായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത തന്‍റെ മാതാവും ഗുരുവുമായ പ്രശസ്തയായ കലാശ്രീ ഡോ. സുനന്ദ നായരിന്റെ കീഴിലെ ചിട്ടയായ പഠനവും പരിശീലനവും സിയായുടെ അരങ്ങേറ്റത്തെ ഉജ്ജ്വലമാക്കി.

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു ഗുരു ഡോ.സുനന്ദ നായർ നൽകിയ സംഭാവനകൾ അവർണനീയമാണ്.

ജൂലൈ 17 നു ഞായറാഴ്ച സ്റ്റാഫോർഡിലെ സ്റ്റാഫോർഡ് സെന്ററിൽ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയത്തിനു .തുടക്കം കുറിച്ചു. 'സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സംഗീതജ്ഞരെയും സദസ്സിനെയും വണങ്ങി, താളമാലികയുടെയും രാഗമാലികയുടെയും മിശ്രണത്തിൽ ധനഞ്ചയൻ ചിട്ടപ്പെടുത്തിയ "നാട്യാഞ്ജലിയോടെ" യായിരുന്നു അരങ്ങേറ്റത്തിന് തുടക്കം.

സ്റ്റാഫ്‌ഫോർഡ് സെന്‍ററിൽ എത്തിചേർന്ന കലാ പ്രേമികളെ സിയായുടെ സഹോദരൻ സണ്ണി നായർ സ്വാഗതം ചെയ്തു. ചെറുപ്പവും മുതൽ യാതൊരു നിർബന്ധവും ഇല്ലാതെ പ്രകടിപ്പിച്ച കലാവാസനക്കു ഊർജം നൽകി പ്രോത്സാഹിപ്പിച്ചത് ലോക പ്രശസ്ത ഗുരുവും മാതാവുമായ കലാശ്രീ ഡോ സുനന്ദ നായരായിരുന്നുവെന്നു ആമുഖ പ്രസംഗത്തിൽ സണ്ണി നായർ അനുസ്മരിച്ചു .

2016 ൽ നടന്ന സ്റ്റാർ കലാകാറിൽ ടൈറ്റിൽ വിജയി ആയിരുന്ന ഈ മിടുക്കി ഭാരതീയ നൃത്തകലാകോൾഡുള്ള പ്രണയം പാശ്ചാത്യ നൃത്ത രൂപങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്കൂൾ തലം മുതൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സിയാ ഹൂസ്റ്റൺ പേജന്റിൽ പീപ്പിൾ ചോയ്സ് വിന്നർ, മിസ് ടീൻ ബോളിവുഡിൽ ആദ്യ റണ്ണർ അപ്പ് എന്നിവയെല്ലാം സിയയെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രമാണ്.

നൃത്തത്തിൽ മാത്രമല്ല സംഗീതത്തിലും തല്പരയായ സിയ ആറാം വയസ്സ് മുതൽ സംഗീതം അഭ്യസിച്ചു വരുന്നു. 2022 ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിയാ നായർ ടെക്സാസ് എ ആൻഡ് എമ്മിൽ ബിസിനസ്സിൽ ബിരുദത്തിനു ചേർന്നിരിക്കയാണ്.

ഭരത നാട്യ അരങ്ങേറ്റ ചടങ്ങിൽ സുനന്ദയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിൽ നിന്നുമെത്തിയ സൂര്യ മൂവ്മെന്റ് സ്ഥാപകൻ സൂര്യ കൃഷ്ണമൂർത്തി,
സിനിമാ നിർമാതാവും തിരക്കഥാ രചയിതാവുമായ ജേര്ണലിസ്റ് വിനോദ് മക്കര തുടങ്ങിയവരുടെ സാന്നിധ്യവും അരങ്ങേറ്റത്തെ ധന്യമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൃത്ത സംഗീത പ്രേമികൾ ഓൺലൈനിലൂടെയും അനുഗ്രഹീത ചടങ്ങിനു സാക്ഷ്യം വഹിച്ചു

ഡോ. സുന്ദന്ദ നായരോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ ബാബു പരമേശ്വരൻ, വിജയകൃഷണ പരമേശ്വരൻ, മൃദംഗ വിദ്വാൻ സതീഷ് കൃഷ്ണമൂർത്തി, കലാക്ഷേത്ര ശരൺ മോഹൻ, ഫ്ലൂട്ടിസ്ററ് കൃഷ്ണ പ്രസാദ്, വയലിനിസ്റ്റ് സുകപവലൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ അടങ്ങിയ ഓർക്കസ്ട്ര ടീം സിയയുടെ അരങ്ങേറ്റത്തിന് താളവും മേളവും നൽകി. സുനന്ദ നായരിന്റെ ശിഷ്യ കൂടിയായ ഡോ.സുജ പിള്ള എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സിയയുടെ പിതാവ് ആനന്ദ് നന്ദി പ്രകാശിപ്പിച്ചു.